ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. സന്ദീപ് റെഡ്ഡി വാംഗയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നിന്ന് ദീപിക പുറത്തായത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വലിയ ചിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് ദീപിക പദുകോണ്‍. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപികയും എത്തുന്നത്.

അല്ലു അര്‍ജുന്‍റെ 22-ാമത്തെയും ആറ്റ്ലിയുടെ ആറാമത്തേതുമായ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍‌ പിക്ചേഴ്സ് ആണ്. പുഷ്പ ഫ്രാഞ്ചൈസിയിലൂടെ ഉത്തരേന്ത്യയില്‍ വന്‍ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ അല്ലു അര്‍ജുനൊപ്പം ആദ്യമായാണ് ദീപിക പദുകോണ്‍ അഭിനയിക്കുന്നത്. അതേസമയം മറ്റ് ചില പ്രധാന നായികാ താരങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് അത്, എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല.

ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്. കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും. ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന രീതിയിലാണ് ആറ്റ്ലി ഈ ചിത്രം ഡിസൈന്‍ ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഹോളിവുഡിനെ പ്രമുഖ സ്റ്റുഡിയോകളാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് നിര്‍വ്വഹിക്കുന്നത്.

Welcome on board Deepika Padukone | The Faces of #AA22xA6 | Allu Arjun | Sun Pictures | Atlee