ഒരുപാട് പുരുഷതാരങ്ങളും സൂപ്പർതാരങ്ങളും അമ്മയായ സ്ത്രീകളും എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നത് തനിക്ക് അറിയാമെന്നും, എന്നാൽ അതൊന്നും വാർത്തയാവാതെ തന്റെ കാര്യത്തിൽ മാത്രം ഇത്രയും ചർച്ചയായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ദീപിക പറയുന്നത്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'കൽക്കി'യുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയത് വലിയ വാർത്തയായിരുന്നു. ദിവസം എട്ട് മണിക്കൂർ മാത്രമേ സിനിമയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാൻ കഴിയൂ എന്ന ദീപികയുടെ തീരുമാനമാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചതെന്നും, രണ്ടാം ഭാഗത്തിൽ ദീപികയ്ക്ക് സ്‌ക്രീൻ ടൈം കുറവാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് ദീപിക പദുകോൺ.

ഒരുപാട് പുരുഷതാരങ്ങളും സൂപ്പർതാരങ്ങളും അമ്മയായ സ്ത്രീകളും എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നത് തനിക്ക് അറിയാമെന്നും, എന്നാൽ അതൊന്നും വാർത്തയാവാതെ തന്റെ കാര്യത്തിൽ മാത്രം ഇത്രയും ചർച്ചയായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ദീപിക പറയുന്നത്. കൂടാതെ സൂപ്പർതാരങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ മാത്രമാണ് ജോലി ചെയ്യുന്നതും ദീപിക കൂട്ടിച്ചേർത്തു.

"ഒരുപാട് പുരുഷ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നത് രഹസ്യമല്ല. പക്ഷെ അതൊന്നും തലക്കെട്ടായി മാറില്ല. ഞാന്‍ ആരുടേയും പേര് പറഞ്ഞ് ഇതൊരു വലിയ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ചില നടന്മാര്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പലരും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ, ദിവസവും എട്ട് മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി ചെയ്യുന്നത്. അവര്‍ വാരാന്ത്യത്തില്‍ ജോലി ചെയ്യില്ല.

ഈയടുത്ത് അമ്മയായതും അല്ലാത്തതുമായ സ്ത്രീകളും എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് എനിക്ക് അറിയാം. പക്ഷെ അത്ഭുതമെന്ന് പറയട്ടെ അതും വാര്‍ത്തയാകുന്നില്ല. എന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടെന്നറിയില്ല. എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമാണ്. മുമ്പ് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയാണെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. ആദ്യത്തെ ആളാകുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. തെറ്റുകള്‍ വരുത്തുന്നതും എനിക്ക് ഓക്കെയാണ്. എന്നെ തെറി പറഞ്ഞാലും ഓക്കെയാണ്. അതിനോടൊന്നും എനിക്ക് എതിര്‍പ്പില്ല. കാരണം എനിക്ക് സ്വയം പുതുക്കുകയും അതിര്‍ത്തികള്‍ തകര്‍ക്കുകയും വേണം." സിഎൻബിസി- ടിവി 18ന് നൽകിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ പ്രതികരണം.

ഇനി കിംഗിൽ ഷാരൂഖിനൊപ്പം

കൽക്കിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ആണ് ദീപികയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും പുറത്താക്കിയെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഷാരുഖ് ഖാൻ നായകനായെത്തുന്ന 'കിംഗ്' ആണ് താരത്തിന്റെ പുതിയ ചിത്രം. കിംഗിന് വേണ്ടിയാണ് ദീപിക കൽക്കിയിൽ നിന്നും സ്വയം പിന്മാറിയത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങീ വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.