രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിനെ ആസ്‍പദമാക്കി എടുത്ത ഡല്‍ഹി ക്രൈമിന് എമ്മി പുരസ്‍കാരം. മികച്ച ​ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‍കാരമാണ് ഡല്‍ഹി ക്രൈമിന് ലഭിച്ചത്. എല്ലാവരും ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു നിര്‍ഭയ സംഭവം. ബലാത്സംഗക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതിനായി ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണമാണ് സീരിസിലുള്ളത്. കുറ്റവാളികളുടെ ക്രൂരത എത്രത്തോളമായിരുന്നുവെന്ന് സീരിസില്‍ ചര്‍ച്ച ചെയ്യുന്നു. നിര്‍ഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പറയുന്നു.

എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരിസാണ് ഡല്‍ഹി ക്രൈം. ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഡല്‍ഹി ക്രൈം സീരിസ് സംവിധാനം ചെയ്‍തത്. ഏഴ് എപ്പിസോഡുകളായിട്ടായിരുന്നു സീരിസ്.
ഡൽഹി കേസ് അന്വേഷിക്കുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയാണ് സീരിസിലെ പ്രധാന കഥാപാത്രം. ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. നിര്‍ഭയക്കും അമ്മയ്ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി റിച്ചി മെഹ്ത പറഞ്ഞു.

ഡല്‍ഹി ക്രൈം പ്രദര്‍ശിപ്പപ്പോള്‍ മികച്ച പ്രതികരണം നേടിയിരുന്നു.

ഈ ലോകം നിര്‍ഭയയോടും അമ്മയോടും ചെയ്‍തതെന്താണെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല. നമ്മള്‍ ആരും അത് ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ചപ്പോള്‍ റിച്ചി മെഹ്‍ത പറഞ്ഞത്.