Asianet News MalayalamAsianet News Malayalam

'ഞാൻ നല്ല ഒരു കത്തും പോലും അതുവരെ എഴുതിയിരുന്നില്ല', പിന്നീട് ഡെന്നീസ് ജോസഫ് സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തായ കഥ

ഡെന്നീസ് ജോസഫ് ആദ്യമായി എഴുതിയ തിരക്കഥ ഇതുവരെ സിനിമയാകുകയും ചെയ്‍തില്ല.

Dennis Joseph script writer
Author
Kochi, First Published May 10, 2021, 11:17 PM IST

വിൻസെന്റ് ഗോമസ്, ജി കെ, കുഞ്ഞച്ചൻ, ടോണി കുരിശിങ്കല്‍- മലയാളത്തിന്റെ വെള്ളിത്തിരയിലെ വിജയനായകൻമാരില്‍ മുൻനിരയിലെ പേരുകാര്‍. മോഹൻലാലും മമ്മൂട്ടിയും താരപദവികളിലേക്ക് ഉയരാൻ അണിഞ്ഞ വേഷങ്ങള്‍. മൈ നമ്പര്‍ ഈസ് ഡബിള്‍ ടു, ഡബിള്‍ ടു തുടങ്ങി ഇന്നും മുഴങ്ങി കേള്‍ക്കുന്ന പഞ്ച് ഡയലോഗുകള്‍. ഇങ്ങനെ ഒട്ടേറെ വിജയനായകൻമാര്‍ക്കും പഞ്ച് ഡയലോഗുകള്‍ക്കും ജന്മം നല്‍കിയ ചലച്ചിത്ര എഴുത്തുകാരൻ ഇനി ഓര്‍മകളുടെ സ്‍ക്രീനില്‍.Dennis Joseph script writer

തിയറ്ററുകളില്‍ ഹിറ്റുകളുടെ വേലിയേറ്റം തീര്‍ത്ത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് വിടവാങ്ങിയിരിക്കുന്നു. മലയാളികളുടെ മനസില്‍ ഒറ്റ ചോദ്യത്തില്‍ ഓര്‍മ വരുന്ന ഹിറ്റ് സിനിമകളില്‍ ഡെന്നിസ് ജോസഫിന്റേതായിരിക്കും ആയിരിക്കും എണ്ണത്തില്‍ അധികമെന്നത് തീര്‍ച്ച. അത്രയേറെ ഹിറ്റുകളാണ് ഡെന്നിസ് ജോസഫിന്റെ രചനയില്‍ തീയറ്ററുകളിലേക്ക് എത്തിയത്. രാജാവിന്റെ മകൻ, ന്യൂഡെല്‍ഹി, നമ്പര്‍ വണ്‍ മദ്രാസ് മെയില്‍, ആകാശദൂത്, മഹാനഗരം, നായർ സാബ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. 

ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളായിരിക്കും ഡെന്നിസ് ജോസഫിന്റെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷക മനസിലേക്ക് എത്തുക. രാജാവിന്റെ മകനും, ന്യൂഡെല്‍ഹിയുമൊക്കെയാകും അതിന് കാരണം. അതേസമയം അസാമാന്യ ഹ്യൂമര്‍ രംഗങ്ങളും ഡെന്നിസ് ജോസഫ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിയെന്നതും വാസ്‍തവമെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. കോട്ടയം കുഞ്ഞച്ചനും നമ്പര്‍ വണ്‍ മദ്രാസ് മെയിലുമൊക്കെ ഉദാഹരണങ്ങള്‍. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം തീര്‍ത്ത ആകാശദൂതിനും തിരക്കഥ എഴുതി വൈവിധ്യം കാട്ടി  ഡെന്നീസ് ജോസഫ്. കണ്ണുനീരോടല്ലാതെ അക്കാലത്ത് ആകാശദൂത് തിയറ്ററില്‍ നിന്ന് കണ്ടിറങ്ങിയവര്‍ ചുരുക്കമായിരിക്കും. അതേ ഡെന്നിസ് ജോസഫ് തന്നെയാണ് വെള്ളിത്തിരയെ ആവേശം കൊള്ളിച്ച കഥാസന്ദര്‍ഭങ്ങളും എഴുതിയത്.

ചെറുപ്പം മുതലേ സിനിമ അഭിനിവേശമാകുന്ന ഒരു കുടുംബപശ്ചാത്തലമാണ് തനിക്ക് ഉണ്ടായത് എന്ന് ഡെന്നിസ് ജോസഫ് തന്നെ മിക്ക അഭിമുഖങ്ങളിലും ഓര്‍മിച്ചിട്ടുണ്ട്.  പ്രമുഖ നടൻ ജോസ് പ്രകാശിന്റെ ഇളയസഹോദരിയാണ് അമ്മ. ജയന്റെ ആദ്യ സിനിമയായ ശാപമോക്ഷം എന്ന സിനിമ നിര്‍മിച്ചത് അച്ഛന്റെ സഹോദരൻ ഫ്രാൻസിസും. എയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥനായ പിതാവിന്റെ മകൻ ഡെന്നിസ് ജോസഫിന്റെ കുട്ടിക്കാലം ഗുജറാത്തിലായിരുന്നു. അവിടെ വെച്ചാണ് താൻ ആദ്യമായി ഒരു സിനിമ കാണുന്നത് എന്നും ഡെന്നിഫ് ജോസഫ് ഓര്‍ക്കുന്നു. വായനയുടെ പശ്ചാത്തലും കുടുംബത്തിലുണ്ടായിരുന്നുവെന്ന് ഡെന്നിസ് ജോസഫ് പറയുന്നു.  അമ്മയും അച്ഛന്റെ അച്ഛനും ഒരുപാട് വായിക്കുന്ന ആള്‍ക്കാരായിരുന്നു. അഞ്ചാം ക്ലാസില്‍ ഏറ്റുമാനൂരില്‍ ലൈബ്രറിയില്‍ വായനക്കാരനായി.  ജന്മസിദ്ധമായ കഴിവില്ലാത്ത എനിക്ക് ഏറ്റുമാനൂരിലെ എസ്എംഎസ് ലൈബ്രറി വലിയ വാതില്‍ തുറന്നുതരികയായിരുന്നു. അസിസ്റ്റന്റ് ലൈബ്രറിറിയേനായ നാരായണ പിള്ള ചേട്ടൻ ആയിരുന്നു പുസ്‍തകങ്ങള്‍ തെരഞ്ഞെടുക്കാൻ സഹായിച്ചത്. സ്‍കൂള്‍ പഠനം കഴിഞ്ഞ കാലം മുതലേ വീട്ടുകാര്‍ അറിയാതെ സിനിമ കാണാറുണ്ടായിരുന്നു. വിദൂരമായ ആഗ്രഹത്തില്‍ പോലും എഴുത്തുകാരൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ സിനിമ സംവിധായകൻ ആകണമെന്നുണ്ടായിരുന്നുവെന്ന് സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡെന്നിഫ് ജോസഫ് പറയുന്നു.

ചിറ്റപ്പൻ അമേരിക്കയില്‍ കൊണ്ടുപോകാൻ സമ്മതിച്ചിരുന്നു. അവിടെ ഒരു ഫിലിം സ്‍കൂളില്‍ പഠിക്കാൻ  കഴിയുമെന്ന് ആഗ്രഹിച്ചു. ചിറ്റപ്പൻ അവിടെ ഫിലി മേക്കിംഗ് ബിരുദം കഴിഞ്ഞു. അമേരിക്കയില്‍ എളുപ്പത്തില്‍ ജോലി കിട്ടാൻ ആണ് ഫാര്‍മസി കോഴ്‍സ് പഠിച്ചത്. ആകര്‍ഷിച്ച ഒന്നല്ലായിരുന്നു ഫാര്‍മസി പഠനം. Dennis Joseph script writer

എറണാകുളത്ത് എത്തിയെന്നതായിരുന്നു പ്രധാന ആകര്‍ഷണം. തിയറ്ററുകളാണ് എറണാകുളത്ത് ഏറ്റവും കൂടുതലും ആകര്‍ഷിച്ചത് എല്ലാ ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും കാണാൻ ശ്രമിക്കും. ഞാൻ താമസിച്ചതിന്റെ അടുത്ത് ആയിരുന്നു പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍ കുടുംബസമേതമുണ്ടായിരുന്നത്. അദ്ദേഹം മുഖേന കട് കട് എന്ന ഫിലിം മാഗസിനില്‍ സബ് എഡിറ്ററായി ജോലി കിട്ടി. തൊഴിലിന്റെ ഓഫര്‍ കേട്ട് അന്ന് ഞാൻ ഞെട്ടി. ഞാൻ നല്ല ഒരു കത്തും പോലും അതുവരെ എഴുതിയിരുന്നില്ല. എന്നെപ്പോലെ ഒരാള്‍ക്ക് സബ് എഡിറ്ററായിട്ട് ജോലി കിട്ടുക എന്ന് പറഞ്ഞാല്‍. സിനിമാ താരങ്ങളെ ഇന്റര്‍വ്യൂ ചെയ്യാൻ സെറ്റില്‍ പോകാമെന്നുള്ളതിനാല്‍ ആഗ്രഹമുണ്ടായിരുന്നു. ഗഫൂര്‍ മാഷ് ധൈര്യപെടുത്തി. ഒരു ചില്‍ഡ്രൻസ് മാഗസിന്റെ സബ് എഡിറ്ററായിട്ട് ഇരിക്കാനും അവസരം കിട്ടി.

കട് കട് മാഗസിന്റെ ഉടമസ്ഥനായിരുന്ന ഏലിയാസ് ഈരാളി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അദ്ദേഹം വീണ്ടും സിനിമ ചെയ്യാനുള്ള ആലോചനയിലാണ്. കട് കട്ടിലെ ഓഫീസ് ജോലി കഴിഞ്ഞാല്‍ എന്നെ അവിടെ പിടിച്ചിരുത്തും. തിരക്കഥ പരിശോധിക്കലാണ് എന്റെ പണി. എല്ലാത്തരം സിനിമകളും കാണുന്ന ആളായിരുന്നു ഞാൻ. ചില അഭിപ്രായങ്ങള്‍ പറയാൻ എനിക്ക് അറിയാമായിരുന്നു. അവസാനം അദ്ദേഹം ഒരു തിരക്കഥയില്‍ ഉറച്ചു. രാധാകൃഷ്‍ണൻ എന്നയാളായിരുന്നു സംവിധായകൻ. ആഗ്രഹിക്കാതെ തന്നെ ഒരുപാട് തിരക്കഥയിലൂടെ കടന്നുപോകാൻ എനിക്ക് അവസരം കിട്ടി. അങ്ങനോ മുന്നോട്ടുപോകുമ്പോഴാണ് ഗായത്രി പ്രിന്റേഴ്സ് എന്ന് പ്രസ് ഞാനും ഗായത്രി അശോകും അമ്പിളിയും ചേര്‍ന്ന് തുടങ്ങിയത്. പ്രസിലെ ഫ്രീ ടൈമില്‍ ഞാൻ ഒരു ചെറിയ തിരക്കഥ എഴുതി.

സംവിധായകൻ ചന്ദ്രകുമാര്‍ ആ തിരക്കഥ വായിച്ച് എന്നെ വിളിപ്പിച്ചു. ഒരുപാട് സിനിമകള്‍ ചെയ്യുന്ന ആളായിരുന്നു അക്കാലത്ത് അദ്ദേഹം. അദ്ദേഹത്തിന് സിനിമ ഇഷ്‍ടപ്പെട്ടു പക്ഷേ ഇപോള്‍ അടുത്തൊന്നും സമയമില്ല, വേറെ ആള്‍ ചെയ്‍താല്‍ കുഴപ്പമില്ല എന്നും പറഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച വാണിജ്യ സിനിമാ തിരക്കഥാകൃത്ത് ആകും ഞാനെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പേര്‍ ആ തിരക്കഥ ഇഷ്‍ടപ്പെട്ടിരുന്നു. എന്നാല്‍ സിനിമയായില്ല. ഒടുവില്‍ ഗായത്രി അശോകൻ അതിന് ബൂമറാങ് എന്ന് പേരിട്ടു. അതായത് പ്രയോഗിച്ചാല്‍ തിരിച്ചുവരുന്ന ആയുധമെന്ന നിലയില്‍. ഇന്നും ആ തിരക്കഥ സിനിമയായിട്ടില്ലെന്നും ഡെന്നിഫ് ജോസഫ് പറയുന്നു.

മമ്മൂട്ടി അഭിനയിച്ച കൂടെവിടെ എന്ന സിനിമയ്‍ക്ക് ശേഷം കസിൻ രാജൻ ജോസഫും അമ്മാവന്റെ മകൻ പ്രേം പ്രകാശും സ്വതന്ത്രനിര്‍മാതാക്കളാകാൻ തീരുമാനിച്ചു. പ്രേം പ്രകാശ് പത്മരാജനെ കൊണ്ട് അടുത്ത സിനിമ ചെയ്യിച്ചു. രാജന് കൊമേഴ്‍സ്യല്‍ സിനിമയോടായിരുന്നു താല്‍പര്യം.  സിനിമയാക്കാൻ പറ്റുന്ന കഥയുണ്ടോയെന്ന് എന്നോട് ചോദിച്ചു. ഒരുപാട് സിനിമകള്‍ കാണുന്ന ആളെന്ന നിലയിലായിരുന്നു ചോദ്യം. ആയിടക്ക് ഞാൻ കണ്ട ഒരു സിനിമയായിരുന്നു ഐ ഓഫ് ദ നീഡില്‍. അത് അതേപടി അല്ല അതിലെ ഒരു കഥാഗതി മലയാള പശ്ചാത്തലത്തില്‍ മാറ്റി ഞാൻ എഴുതി. അത് രാജന് കൊടുക്കുകയും ചെയ്‍തു. രാജന് ജ്യോതിഷ്യത്തില്‍ വലിയ വിശ്വാസമായിരുന്നു.

അതിനാല്‍ സുഹൃത്തായ ഒരു ജ്യോതിഷിയുടെ അടുത്തുപോയി. കഥ നല്ലതാണ് എന്ന് ജ്യോതിഷി പറഞ്ഞു. അക്കാലത്തെ പ്രമുഖരായ ഒരു തിരക്കഥാകൃത്തും ആ കഥയ്‍ക്ക് യോജിക്കുന്നില്ല എന്നും പറഞ്ഞു. അപോള്‍ അത് തട്ടിപ്പാണ് എന്ന് തനിക്ക് അന്ന് തോന്നിയിരുന്നുവെന്നും ഡെന്നിസ് ജോസഫ് ഓര്‍ക്കുന്നു. എന്നാല്‍ ഒരു തിരക്കഥാകൃത്ത് തന്റെയടുത്ത് ഉണ്ട് എന്ന് ജ്യോതിഷി പറഞ്ഞു. ചീട്ടെടുത്തപ്പോള്‍ മനസില്‍ ഉദ്ദേശിച്ചതുപോലെ വന്നു. ആരാണ് തിരക്കഥാകൃത്ത് എന്ന് ഞാൻ ചോദിച്ചു. അപ്പോള്‍ ജ്യോതിഷി എന്റെ പേര് പറഞ്ഞപ്പോള്‍ ഞാൻ തന്നെ ഞെട്ടിപ്പോയി. ജ്യോതിഷിയുടെ വാക്ക് കേട്ട് രാജനും എന്നെ വിശ്വാസമായി. ഒടുവില്‍ ജ്യോതിഷിയുടെ നിര്‍ദ്ദേശാനുസരണം തന്നെയായിരുന്നു സംവിധായകനായി ജേസിയെ നിര്‍ദ്ദേശിക്കുന്നതെന്നും ഡെന്നിസ് ജോസഫ് അഭിമുഖത്തില്‍ ഓര്‍ക്കുന്നു.

അക്കാലത്ത് ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ ജേസിയെ എനിക്ക് ഇഷ്‍ടമായിരുന്നില്ല. ഒടുവില്‍ ജേസിക്ക് അഡ്വാൻസ് കൊടുക്കാൻ പോയി. ജേസിക്ക് എന്നോട് ഒരു പരിഭവം ഉണ്ടെന്നും ഞാൻ പിന്നീടാണ് അറിഞ്ഞത്. കട് കട്ടില്‍ ജോലി ചെയ്യുമ്പോള്‍ ജേസിയുടെ അഭിമുഖം ഞാൻ എടുത്തിരുന്നു. ജേസി പറയാത്ത കുറേ കാര്യങ്ങള്‍ ഞാൻ അതില്‍ ചേര്‍ത്തിരുന്നു. അത് ജേസിക്ക് വലിയ ശല്യമായി മാറുകയും ചെയ്‍തിരുന്നു. അതിനാല്‍ തന്നെ ഞാൻ തിരക്കഥ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ജേസി നീരസം കാട്ടി. തിരക്കഥ പോര എന്ന പറയുകയും ചെയ്‍തു. ഒടുവില്‍ ജോണ്‍ പോളിനെ തിരക്കഥ മാറ്റി എഴുതാൻ ഏല്‍പ്പിച്ചു. ആദ്യം ജോണ്‍ പോള്‍ സമ്മതിച്ചില്ല. ഒടുവില്‍ ഞാൻ തന്നെ ജോണ്‍ പോളിനോട് പറഞ്ഞപ്പോള്‍ സമ്മതിച്ചു. ഒടുവില്‍ ജോണ്‍ പോളെത്തി ചില ഭാഗങ്ങള്‍ മാറ്റിയെഴുതി. സംഭാഷണങ്ങള്‍ മാറ്റിയെഴുതി. സിനിമ ഇറങ്ങിയത് തിരക്കഥാകൃത്തായി എന്റെ പേരിലും സംഭാഷണങ്ങള്‍ ജോണ്‍ പോളിന്റെ പേരിലുമാണ്. അന്ന് തിരക്കഥയെഴുതാൻ അറിയാത്ത തന്നെ ജോണ്‍ പോള്‍ എത്തി രക്ഷിച്ചുവെന്നായിരുന്നു എല്ലാവരും വിശ്വസിച്ച കഥ. അങ്ങനെ ഈറൻ സന്ധ്യ  എന്ന ആദ്യ സിനിമയില്‍ അവഗണനയുടെ അവസ്ഥയുണ്ടായിരുന്നുവെന്നും ഡെന്നിസ് ജോസഫ് ഓര്‍ക്കുന്നു.Dennis Joseph script writer

അടുത്ത സിനിമയും ആകസ്‍മികമായി സംഭവിച്ചതാണ് എന്ന് ഡെന്നിസ് ജോസഫ് പറയുന്നു. ഒരു ദിവസം നിര്‍മാതാവ് ജൂബിലി ജോയി എന്നെ അന്വേഷിച്ചുവന്നു. ജനിച്ചതുമുതല്‍ അറിയാവുന്ന ആളാണ് ജോയ്. ഒരു കഥ വേണമെന്ന് ജോയ് പറഞ്ഞു. ആദ്യ സിനിമ വിജയിക്കാത്തതിനാല്‍ കോണ്‍ഫിഡൻസ് പോയിരുന്നു. വീണ്ടും ജ്യോതിഷിയുടെ അടുത്തുപോയി. ഈ കഥയും നല്ലതാണ് എന്ന് പറഞ്ഞു. മുഴുവൻ തിരക്കഥയും ഞാൻ എഴുതി.  മമ്മൂട്ടിയുടെ സിനിമ സംവിധാനം ചെയ്‍ത ജോഷിയെ കണ്ട് തിരക്കഥ വായിച്ചുകേള്‍പ്പിക്കാൻ പറഞ്ഞു. Dennis Joseph script writer

ജോഷിയെ തിരക്കഥ വായിച്ചുകേള്‍പ്പിക്കാൻ തേക്കടിയെത്തി. അവിടെ മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ജോഷി തിരക്കഥ വായിക്കാൻ കൂട്ടാക്കുന്നില്ല. ജ്യോതിഷിയെ ജോഷിക്ക് വലിയ വിശ്വാസമാണ്. പക്ഷേ ഈറൻ നിലാവ് എന്ന സിനിമയുടെ പേരില്‍ എന്നെ കുറിച്ച് മതിപ്പ് പോര. കുറച്ചുദിവസം നിര്‍ത്തി എന്നെ പറഞ്ഞുവിടാനായിരുന്നു ജോഷിയുടെ ആലോചന. അത് എനിക്ക് മനസിലായതോടെ സിനിമ കഴിഞ്ഞ് എറണാകുളത്ത് എത്തി കഥ വായിച്ചുകേള്‍പ്പിക്കാം എന്ന് പറഞ്ഞു. അടുത്ത ദിവസം സെറ്റില്‍ വാ കഥ കേള്‍ക്കാം എന്ന് ജോഷി പറഞ്ഞു. ഒരു പത്ത് സീൻ വായിച്ചിട്ട് എന്നെ പറഞ്ഞുവിടാനായിരുന്നു തീരുമാനം എന്ന് ജോഷി പിന്നീട് പറഞ്ഞു. സെറ്റില്‍ എത്തി, മമ്മൂട്ടിയൊക്കെ റിഹേഴ്‍സല്‍ കഴിഞ്ഞ് ഇരിക്കുകയാണ്. ജോഷി സഹസംവിധായകൻ ആനന്ദ്‍കുട്ടനോട് പറഞ്ഞു. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് വരാം എന്ന്. അരമണിക്കൂര്‍ കൊണ്ട് ഒരു തിരക്കഥ വായിക്കാനാകില്ല എന്ന് എനിക്ക് അറിയാം. ഏതായാലും ജോഷി തിരക്കഥ വായിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ജോഷി ആനന്ദ്‍ കുട്ടനോട് പറഞ്ഞു, ഉച്ചവരെ സിനിമ ചിത്രീകരണം ക്യാൻസല്‍ എന്ന്. എന്നിട്ട് എന്നോട് ജോഷി പറഞ്ഞു. ഇത് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ എന്നൊന്നും ഞാൻ പറയില്ല. പക്ഷേ എനിക്ക് ചെയ്യാൻ കിട്ടിയ ഏറ്റവും മികച്ച തിരക്കഥയാണ്. നമുക്ക് സിനിമ ചെയ്യാമെന്നും ജോഷി പറഞ്ഞു. മമ്മൂട്ടി നായകനായ സിനിമ മലയാളത്തിലെ വൻ സൂപ്പര്‍ ഹിറ്റായി. മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്‍തപ്പോഴും വൻ ഹിറ്റായെന്നും ആരാധിച്ചിരുന്ന അഭിനേതാക്കളെ കാണാൻ പറ്റിയെന്നും ഡെന്നിസ് ജോസഫ് ഓര്‍ക്കുന്നു.Dennis Joseph script writer

എന്തായാലും പിന്നീട് മമ്മൂട്ടിയെ തന്നെ നായകനാക്കി നിറക്കൂട്ട് എന്ന സിനിമയ്‍ക്കും തിരക്കഥയെഴുതിയതോടെ ഡെന്നീസ് ജോസഫിന്റെ രാശി തെളിഞ്ഞു. രാജാവിന്റെ മകനോട് കൂടി മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുമായി. കുറച്ചുകാലം ചില്‍ഡ്രൻസ് മാഗസിനില്‍ പ്രവര്‍ത്തിച്ച താൻ സംവിധാനം ചെയ്‍ത ആദ്യ സിനിമയും കുട്ടികളുടേത് തന്നെയെന്ന് ഡെന്നിസ് ജോസഫ് തമാശയോടെ ഓര്‍ക്കുമായിരുന്നു. മികച്ച കുട്ടികള്‍ക്കുള്ള ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മനു അങ്കിള്‍ എന്ന ചിത്രം നേടി.

Follow Us:
Download App:
  • android
  • ios