പരസ്യകലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആര്‍ മഹേഷ് അന്തരിച്ചു. പ്രമുഖ പബ്ലിസിറ്റി ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്‌സിലെ ലീഡ് ഡിസൈനര്‍ ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരം നേമം സ്വദേശിയാണ്.

സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ശ്രദ്ധ നേടിയ പല ഫസ്റ്റ് ലുക്കുകള്‍ക്കും പിന്നില്‍ മഹേഷിന്റെ ഭാവനയായിരുന്നു. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കെട്ടി'ന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. അഭിനേതാക്കളുടെ ചിത്രങ്ങളൊന്നുമില്ലാതിരുന്ന പോസ്റ്റര്‍ ചെളി ഉപയോഗിച്ച് കൈകൊണ്ടുതന്നെ ഡിസൈന്‍ ചെയ്യുകയായിരുന്നു മഹേഷ്. ഭദ്രന്‍ ചിത്രം 'ജൂതന്‍', ടൊവീനോ നായകനാവുന്ന 'പള്ളിച്ചട്ടമ്പി', നിവിന്‍ പോളി നായകനാവുന്ന 'പടവെട്ട്' എന്നിവയുടെയൊക്കെ ഫസ്റ്റ്‌ലുക്കിന് പിന്നില്‍ ഈ കലാകാരനായിരുന്നു.

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് മഹേഷ്. 2004ല്‍ പെയിന്റിംഗില്‍ ബിരുദം നേടി. മൂന്ന് വര്‍ഷമായി പബ്ലിസിറ്റി ഡിസൈന്‍ സ്ഥാപനം ഓള്‍ഡ് മങ്ക്‌സിനൊപ്പമാണ് മഹേഷ്.