മുന്നൂറ് എപ്പിസോഡുകൾ ഉള്ള ഒരു സീരിയലിന് ഏകദേശം നൂറോളം സാരികൾ വേണ്ടിവരുമെന്ന് ദേവിചന്ദന.

സിനിമാ പ്രേക്ഷകർക്കും ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായ താരമാണ് ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയ രംഗത്ത് സജീവമാകുകയായിരുന്നു. ദേവിയെ പോലെ ഭര്‍ത്താവ് കിഷോറും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

സീരിയൽ ഷൂട്ടിങ്ങിന് പോകുമ്പോൾ നടത്താറുള്ള ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ടുള്ളതാണ് ദേവി ചന്ദനയുടെ പുതിയ വീഡിയോ. സീരിയലിൽ അഭിനയിക്കുന്നവർ സ്വന്തമായാണ് കോസ്റ്റ്യൂം കണ്ടെത്തുന്നതെന്ന് ദേവി ചന്ദന പറഞ്ഞു. ഓരോ ഷെഡ്യൂളിനും 15 സാരികളെങ്കിലും കൊണ്ടുപോകണമെന്നും 300 എപ്പിസോഡുകൾ ഉള്ള ഒരു സീരിയലിന് ഏകദേശം നൂറോളം സാരികൾ വേണ്ടിവരുമെന്നും താരം കൂട്ടിച്ചേർത്തു. സാരികളോട് ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടു തന്നെ ഒരു യുണീക്നെസ് കൊണ്ടുവരണമെന്ന് താൻ ആഗ്രഹിക്കാറുണ്ടെന്നും ദേവി ചന്ദന പറഞ്ഞു.

''സീരിയൽ ഷൂട്ടിന് ഉപയോഗിച്ചിട്ടുള്ള നല്ല സാരികൾ ഉടുത്ത് മറ്റ് ഫംഗ്ഷനുകൾക്ക് പോകുമ്പോൾ മിക്കപ്പോഴും കേൾക്കുന്ന ചോദ്യമാണ് സീരിയലുകാർ തന്ന സാരിയാണ് അല്ലേ ഇത് എന്നുള്ളത്. സ്വന്തം കോസ്റ്റ്യൂം ഉപയോഗിച്ച് അഭിനയിക്കുന്നവരെല്ലാം ഈ ചോദ്യം കേട്ടിട്ടുണ്ടാകും. പക്ഷെ അങ്ങനെയല്ല. സീരിയലുകാർ ആർക്കും സാരി കൊടുക്കാറില്ല. സിനിമയിൽ മാത്രമാണ് ആർടിസ്റ്റുകൾക്ക് കോസ്റ്റ്യൂം കൊടുക്കുന്നത്. സാരികൾ മാത്രം വാങ്ങിയാൽ പോരാ, അതിനു പറ്റിയ കമ്മലും മാലയും വളയും പൊട്ടുമെല്ലാം വാങ്ങണം'', ദേവി ചന്ദന പറഞ്ഞു.

ഒരു സീരിയലിനു വേണ്ടി 200 സാരി വരെ വാങ്ങാറുണ്ടെന്ന് ദേവി ചന്ദന മുൻപ് മറ്റൊരഭിമുഖത്തിൽ പറഞ്ഞിരുന്നു. മറ്റൊരു സീരിയലിനു വേണ്ടി ഈ സാരികൾ ഉപയോഗിക്കാറില്ലെന്നും അത്രത്തോളം വിലയുള്ള ചില സാരികൾ മാത്രം അത്യാവശ്യമെങ്കിൽ മാത്രം വീണ്ടും റിപീറ്റ് ചെയ്‍ത് ധരിച്ചിട്ടുണ്ടെന്നും ദേവി ചന്ദന പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക