‘’ഈയൊരു പ്രായത്തിൽ അമ്മയാകാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്''.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. കഴിഞ്ഞ വർഷം ഇരുവരുടേയും വിവാഹം നടന്നത് വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഗിരിജയുടെ ഭർത്താവ് മരിച്ച് പോയിരുന്നു. വിഷ്ണുവിന്റെ വിവാഹശേഷം, മക്കളുടെ പിന്തുണയോടെ ഗിരിജ രണ്ടാമതൊരാളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അമ്മ ഗർഭിണിയാണെന്നും തനിക്ക് ഒരു അനിയനോ അനിയത്തിയോ ഉടനെ പിറക്കുമെന്നും വിഷ്ണു അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ ഈ വീഡിയോയിൽ അനാമികയെ കാണാത്തതിനാൽ നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു. ഈ പ്രായത്തിൽ ഗർഭം ധരിക്കാൻ നാണമില്ലേ എന്ന തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെല്ലാമെതിരെ പ്രതികരിച്ചിരിക്കുകയാണ് അനാമിക.
''ഈയൊരു പ്രായത്തിൽ അമ്മയാകാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്. അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല, അതും സ്വന്തം കുടുംബത്തിന്റെ പിന്തുണയോടു കൂടി. അതിൽ എന്താണ് ഇത്ര തെറ്റ്. ഞങ്ങളെല്ലാവരും ചേർന്ന നടത്തിക്കൊടുത്ത വിവാഹമാണത്. ആ വിവാഹത്തിലുണ്ടാകുന്ന കുഞ്ഞാണ്. ചിലർ എന്തിനാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നതെന്നറിയില്ല. വീഡിയോയിൽ എന്നെ കാണാത്തതിനെത്തുടർന്നും നിരവധി ചോദ്യങ്ങൾ കണ്ടു. അമ്മ ഗർഭിണിയാണെന്ന വിവരം എന്നെ അറിയിച്ചിരുന്നു. പക്ഷേ, ആ വീഡിയോ എടുത്ത അന്ന് പോകാൻ പറ്റിയില്ല. വേറൊരു ഹാപ്പി ന്യൂസ് ഉണ്ട്. എല്ലാം നന്നായിപ്പോയാൽ ആ വിവരം വഴിയേ നിങ്ങളെ അറിയിക്കുന്നതായിരിക്കും. അക്കാരണം കൊണ്ടാണ് അന്ന് പോകാൻ പറ്റാത്തത്. സ്കാനിങ്ങിനും മറ്റു കാര്യങ്ങൾക്കുമൊക്കെ അമ്മയുടെ കൂടെ പോകാൻ പറ്റണേ എന്ന് പ്രാർത്ഥിക്കുന്നു. എന്നെത്തിരക്കിയുള്ള അന്വേഷണങ്ങൾക്ക് നന്ദി'', അനാമിക പറഞ്ഞു.
