ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞതിന് പിന്നാലെ സഹോദരി സൗന്ദര്യ പങ്കുവെച്ച പ്രൊഫൈല്‍ ഫോട്ടോ ചര്‍ച്ചയാകുന്നു.

തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും (Dhanush and Aiswarya)വിവാഹ മോചിതരായിരിക്കുകയാണ്. വിവാഹ മോചിതരാകുന്ന വിവരം ഇരുവരും കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു. ഐശ്വര്യയുടെ സഹോദരിയുടെ പ്രൊഫൈല്‍ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിവാഹമോചന വാര്‍ത്തയ്‍ക്ക് ശേഷം ഐശ്വര്യയുടെ സഹോദരി സൗന്ദര്യ ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ മാറ്റുകയായിരുന്നു. അച്ഛൻ രജനികാന്ത് കുട്ടികളായ തന്നെയും ഐശ്വര്യയും എടുത്തുനില്‍ക്കുന്നതിന്റെ ഫോട്ടോയാണ് സൗന്ദര്യ ട്വിറ്ററില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിരിക്കുന്നത്. നിരവധി പേരാണ് സൗന്ദര്യയുടെ ഫോട്ടോയ്‍ക്ക് കമന്റുകളില്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. അച്ഛന്റെ പെണ്‍മക്കള്‍ എന്നാണ് ഫോട്ടോയ്‍ക്ക് മിക്ക കമന്റുകളും.

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ ധനുഷും ഐശ്വര്യയും പറഞ്ഞിരുന്നത്.


നടൻ രജനികാന്തിന്‍റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തില്‍ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ല്‍ പാടിയെങ്കിലും റിലീസ് ചെയ്യപ്പെട്ടില്ല. 2003ല്‍ പുറത്തിറങ്ങിയ 'വിസില്‍' എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ല്‍ പുറത്തെത്തിയ '3' എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.