ഇഡ്‍ലി കടൈ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ, ബാല്യകാലത്ത് പൂക്കൾ വിറ്റു കിട്ടിയ പണം കൊണ്ട് ഇഡ്‌ലി കഴിച്ചതിനെക്കുറിച്ച് ധനുഷ്. സോഷ്യൽ മീഡിയയിൽ ചർച്ചയില്‍ ചിലർ അവിശ്വസനീയത പ്രകടിപ്പിച്ചപ്പോൾ ആരാധകർ പിന്തുണയുമായെത്തി.

നടന്‍ എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയിലും കരിയറില്‍ ശ്രദ്ധാപൂര്‍വ്വം മുന്നേറുകയാണ് തമിഴ് താരം ധനുഷ് ഇപ്പോള്‍. നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈ ഒക്ടോബര്‍ 1 ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. രചനയ്ക്കും സംവിധാനത്തിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുമൊപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും ധനുഷിന്‍റെ സഹകരണമുണ്ട്. ഇപ്പോഴിതാ ഇഡ്‍ലി കടൈയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ ധനുഷ് പറഞ്ഞ ഒരു ഓര്‍മ്മ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

കുട്ടിക്കാലത്ത് എല്ലാ ദിവസവും കടയില്‍ പോയി ഇഡ്‍ലി കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അതിനുള്ള പണം ഇല്ലായിരുന്നതിനാല്‍ പൂക്കള്‍ വിറ്റ് കിട്ടിയ പണം കൊണ്ട് ഇഡ്ലി കഴിച്ചിട്ടുണ്ടെന്നുമാണ് ധനുഷ് പറഞ്ഞത്. “അയല്‍പക്കങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇതിനായി പൂക്കള്‍ പറിച്ചിരുന്നത്. ഓരോ ദിവസവും സംഭവിക്കുന്ന പൂക്കളുടെ അളവിനനുസരിച്ചാണ് പണവും ലഭിക്കുക. ഇതിനായി എന്‍റെ ചേച്ചിയും കസിന്‍സുമൊക്കെയായി പുലര്‍ച്ചെ 4 മണിക്ക് എണീറ്റ് പൂ പറിക്കാന്‍ പോകും. രണ്ടര രൂപയൊക്കെയാണ് പൂ വിറ്റാല്‍ കിട്ടുക. അതുംകൊണ്ട് നേരെ കടയില്‍ പോയി നാലഞ്ച് ഇഡ്‌ലികള്‍ ശാപ്പിടും”. അതിന്‍റെ രുചി പിന്നീട് എത്ര വലിയ റെസ്റ്റോറന്‍റുകളില്‍ പോയിട്ടും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും ധനുഷ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഈ പ്രസംഗം വൈറല്‍ ആയതിന് പിന്നാലെ ഇത് അവിശ്വസനീയമെന്ന് പറഞ്ഞ് വിമര്‍ശകരും എത്തിയിട്ടുണ്ട്. അച്ഛന്‍ സിനിമാ സംവിധായകനായ ഒരു കുട്ടിക്ക് ഇഡ്ലി കഴിക്കാന്‍ പണമില്ലായിരുന്നുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ട് ഉണ്ടെന്നാണ് എക്സില്‍ ഒരാളുടെ കമന്‍റ്. അച്ഛന്‍ പണം കൊടുക്കാത്തതിനാലാവാം ഇതെന്ന് മറ്റൊരാള്‍ കുറിക്കുന്നു. അതേസമയം ധനുഷിന്‍റെ ആരാധകര്‍ പിന്തുണയുമായി എത്തുന്നുണ്ട്. കുട്ടിക്കാലത്തെ കഷ്ടപ്പാടിനെക്കുറിച്ച് പറയാനല്ല ധനുഷ് ഉദ്ദേശിച്ചതെന്നും മറിച്ച് ഇഡ്ലി കടൈ എന്ന ചിത്രത്തിനുവേണ്ടി തന്നെ പ്രചോദിപ്പിച്ച ബാല്യകാലാനുഭവം പങ്കുവെച്ചതാണെന്നും ഒരാള്‍ കുറിച്ചു. ഇഡ്ലി കടൈ എന്ന ചിത്രം തന്‍റെ ബാല്യകാലാനുഭവങ്ങളാല്‌ പ്രചോദിതമാണെന്ന് ധനുഷ് പറഞ്ഞിരുന്നു.

തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്. കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ആയിരുന്നു ധനുഷിന്‍റെ നടനായുള്ള അരങ്ങേറ്റം. ധനുഷിന്‍റെ ജ്യേഷ്ഠനാണ് സംവിധായകന്‍ സെല്‍വരാഘവന്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming