ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിലെ മത്സരാര്‍ഥിയായിരുന്നു ആര്‍ ജെ ബിൻസി.

ബിഗ് ബോസ് മലയാളം സീസൺ 7 ലെ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ആർജെ ബിൻസി. ആദ്യ ദിവസങ്ങളിൽ നടന്ന എവിക്ഷനിൽ ബിൻസി പുറത്താകുകയും ചെയ്തിരുന്നു. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ബിൻസിക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച്, ഒരു വർഷം മുൻപു തുടങ്ങിയ യൂട്യൂബ് ചാനലുമായി വീണ്ടും സജീവമായി, ഇപ്പോൾ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടത്തിൽ എത്തിനിൽക്കുന്ന സന്തോഷമാണ് ബിൻസി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസിൽ നിന്ന് എവിക്ട് ആയതിന് ശേഷം ഒരു മാസത്തോളം മാനസികമായി തളർന്ന് ആരോടും സംസാരിക്കാതെ ഒരു അവസ്ഥയിലേക്ക് പോയെന്ന് ബിൻസി പോസ്റ്റിൽ പറയുന്നു. എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്നു കരുതിയിടത്ത് നിന്നാണ് ഇപ്പോൾ ഈ നേട്ടത്തിലേക്ക് എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.

''ജീവിതത്തിലെ എല്ലാ പ്രതീഷയും അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഞാൻ ഒരു യുട്യൂബ് ചാനൽതുടങ്ങുന്നത്! കൃത്യമായി പറഞ്ഞാൽ, ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ഞാൻ ഒരു മാസം ആരോടും സംസാരിക്കാതെ (എന്റെ അമ്മ ഓൺലൈൻ മീഡിയാസിനോട് പറഞ്ഞപോലെ) വിഷമിച്ചും, കരഞ്ഞും ഇരിക്കുവായിരുന്നു.

അഞ്ചു മാസം മുൻപ് ഞാൻ എന്റെ വീട്ടുകാരുടെ വാക്കുകൾ കേട്ടു. അവസാനപ്രതീക്ഷ എന്നൊക്കെ പറയില്ലേ, അങ്ങനെയാണ് ഞാൻ ആ ചാനലിൽ വീഡിയോസ് ചെയ്തത്. ഒട്ടും ഓക്കേ അല്ലാതെ ഇരിക്കുന്ന സമയത്തും, എങ്ങനെയോ കഷ്ടപ്പെട്ട് വോയ്‌സ് ഓവർ ഒക്കെ കൊടുത്തു ഷോർട് വീഡിയോസ് ഇടാൻ തുടങ്ങി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് എന്റെ വോയ്സ് അടിപൊളി ആണ് എന്ന് കുറെ ആളുകൾ പറയുന്നത്. പിന്നീട് അവർ തന്ന സപ്പോർട്ട് എനിക്ക് ഓരോ വിഡിയോയും ചെയ്യാൻ ഒള്ള മോട്ടിവേഷൻ ആയി'', എന്നാണ് ബിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.