ധനുഷ് നായകനായ ചിത്രമാണ് കാതല്‍ കൊണ്ടേയ്ൻ. ധനുഷിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രവുമാണ്. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ഇത്. ധനുഷിന്റെ സഹോദരൻ ശെല്‍വരാഘവനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. കുട്ടിക്കാലത്ത് മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ഒരു കൗമാരക്കാരന്റെ കഥാപരിസരമായിരുന്നു ചിത്രം. ചിത്രം 17 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടൻ ധനുഷ്.

ധനുഷിന് വലിയ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് ഇത്. സോണിയ അഗര്‍വാളായിരുന്നു നായിക. ശെല്‍വരാഘവനോട് എന്നും നന്ദിയും കടപ്പാടുമുണ്ടായിരിക്കുമെന്നാണ് സിനിമ റിലീസ് ചെയ്‍ത് 17 വര്‍ഷം കഴിയുമ്പോള്‍ ധനുഷ് പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോയും ധനുഷ് ഷെയര്‍ ചെയ്‍തിരിക്കുന്നു. കുട്ടിക്കാലത്ത് ചൂഷണം നേരിട്ട ഒരു കൗമാരക്കാരന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. വളര്‍ന്നപ്പോള്‍ സഹപാഠിയായ ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്ന വിനോദിന്റെ കഥ. പക്ഷേ  പെണ്‍കുട്ടിക്ക് മറ്റൊരാളോടാണ് പ്രണയമെന്ന് വിനോദ് തിരിച്ചറിയുന്നു. തന്നെ സുഹൃത്തായി മാത്രമായിട്ട് കരുതുന്നത് എന്ന് തിരിച്ചറിയുന്നു. അത് വിനോദില്‍ ഉണ്ടാക്കുന്ന മാറ്റവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.  വിനോദിന്റെ മാനസിക ഭ്രമങ്ങള്‍ മികവോടെ ധനുഷ് പകര്‍ത്തിയിരുന്നു. ദിവ്യ എന്ന നായികയായി സോണിയ അഗര്‍വാളും അഭിനയിച്ചു. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരുന്നു ചിത്രം. അരവിന്ദ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.