നിര്‍മ്മാതാക്കളില്‍ ചിലര്‍ തന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്ന് നടൻ ധനുഷ്.  ചില നിര്‍മ്മാതാക്കള്‍ മാത്രമേ പറഞ്ഞ പ്രതിഫലം മുഴുവൻ തരികയുള്ളുവെന്നും ധനുഷ് പറഞ്ഞു. അസുരൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ധനുഷിന്റെ പരാമര്‍ശം.

ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്‍മ്മാതാക്കളില്‍ നിന്നേ പ്രതിഫലം പൂര്‍ണ്ണമായി കിട്ടൂവെന്നായിരുന്നു ധനുഷ് പറഞ്ഞത്. ധനുഷിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ പ്രമുഖ നിര്‍മ്മാതാവ് അഴകപ്പൻ രംഗത്ത് എത്തി. തമിഴ് നിര്‍മ്മാതാക്കളെ എല്ലാവരെയും പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷിന്റേത് എന്ന് അഴകപ്പൻ പറഞ്ഞു. രജനികാന്ത് ഒക്കെ 7060 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലാകും. ഇങ്ങനെയുണ്ടായിട്ടുമുണ്ട്. ധനുഷ് അതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ. വിഷയത്തില്‍ ധനുഷിനോട് സംവാദത്തിന് തയ്യാറാണ്- അഴകപ്പൻ പറയുന്നു. അതേസമയം കാക്കമുട്ടൈ, വിസാരണ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച് കയ്യടി നേടിയ ധനുഷിന് പിന്തുണയുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.