ഹനടിയായും നായികയായും മലയാള സിനിമയിൽ മിന്നിനിന്ന താരമാണ് ധന്യ മേരി വർ​ഗീസ്. തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഇപ്പോഴിതാ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് താരം. ധന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രം 'കാണെക്കാണെ'യിലാണ് ധന്യ അഭിനയിക്കുന്നത്. 2006ൽ തിരുടി എന്ന ചിത്രത്തിലൂടെയാണ് താരം ധന്യ ബിഗ് സ്‌ക്രീനിൽ എത്തിയത്. ഇടവേളയ്ക്ക് ശേഷം വീണ്ടും സ്ക്രീനിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് ധന്യ ഇപ്പോൾ. 

"ഏകദേശം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്‌ക്രീനിന് മുന്നിൽ വരാൻ പേകുന്നതിന്റെ ആവേശത്തിലാണ്.  വെള്ളിത്തിരയിൽ ഞാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തിൽ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കൺസ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ പോകുകയാണ് ഇപ്പോൾ. ഉയരെക്ക് ശേഷം മനു അശോകൻ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആൽബി ഉൾപ്പെടെ പരിചിതരായ നിരവധിപേർക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവൻ ടീമിനും നന്ദി", ധന്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും ധന്യ പങ്കുവച്ചിട്ടുണ്ട്. 

ഉയരെക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ. സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ടൊവിനോ തോമസ് അടുത്തിടെയാണ് ലൊക്കേഷനുകളിലേക്ക് തിരിച്ചെത്തിയത്.