ദില്ലിയിൽ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തില്‍ അതിയായ വേദനയുണ്ടെന്ന് നടന്‍ ധര്‍മേന്ദ്ര. ഇത് രണ്ടാം തവണയാണ് ധര്‍മേന്ദ്ര കര്‍ഷകരെ പിന്തുണച്ചു രംഗത്തുവരുന്നത്. നേരത്തെ കര്‍ഷകരെ പിന്തുണച്ച് ചെയ്ത ട്വീറ്റ് ധര്‍മേന്ദ്ര ഡിലീറ്റ് ചെയ്തത് വിവാദത്തിന് വഴിവച്ചിരുന്നു. 

''കര്‍ഷക സഹോദരങ്ങളുടെ ദുരിതത്തില്‍ അതിയായി വേദനിക്കുന്നു. സര്‍ക്കാര്‍ എന്തെങ്കിലും വേഗം ചെയ്‌തേ പറ്റൂ''- എന്നാണ് ധര്‍മേന്ദ്രയുടെ പുതിയ ട്വീറ്റ്.

വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തുന്നത്. ഋതേഷ് ദേശ്മുഖ് ചലച്ചിത്ര പ്രവര്‍ത്തകരായ ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ എന്നിവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചിരുന്നു. നേരത്തെ ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപ ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് സംഭാവന നല്‍കിയിരുന്നു. 

അതേസമയം, കര്‍ഷക പ്രക്ഷോഭം പതിനേഴാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ്. ദില്ലിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകൾ കൂടി ഉപരോധിക്കാനുള്ള സമരം ഇന്ന് മുതൽ തുടങ്ങും. രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചക്ക് ശേഷം ദേശീയപാതകൾ ലക്ഷ്യം വെച്ച് നീങ്ങും. നാളെ ജയ്പ്പൂര്‍, ആഗ്ര പാതകൾ പൂര്‍ണമായി അടക്കും. ട്രെയിൻ തടയൽ സമരവും ഇന്ന് മുതൽ തുടങ്ങാനാണ് തീരുമാനം.