ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ആദിത്യ വര്‍മ്മ' യുടെ ടീസര്‍ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്ന ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെ വര്‍മ്മ എന്ന പേരില്‍ ഇതേ ചിത്രം ബാല സംവിധാനം ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്‌തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ്‌ ചെയ്യുന്നില്ലെന്നും നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ്‌ അറിയിച്ചതോടെ ചിത്രത്തിൽനിന്ന് ബാല പിൻമാറുകയായിരുന്നു. തുടർന്ന് ഗിരീസായ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയും ധ്രുവിനെ വച്ച് തന്നെ ചിത്രം രണ്ടാമതും ചിത്രീകരിക്കുകയുമായിരുന്നു. 

ബനിത സന്ധുവാണ് ആദിത്യ വര്‍മ്മയിൽ ധ്രുവിന്റെ നായികയായി വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. വർമ്മയിലെ നായികയായിരുന്ന ബംഗാളി നടി മേഘ്‌ന ചൗധരിയെ മാറ്റിയാണ് ബനിത സന്ധുവിനെ നായികയായി തെരഞ്ഞെടുത്തത്. ചിത്രത്തില്‍ നിന്ന് മാറ്റിയ നടി റെയ്സയ്ക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്.