കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന നടൻ ധ്രുവ സര്‍ജയുടെയും ഭാര്യ പ്രേരണ ശങ്കറിന്റെയും പരിശോധനാഫലം നെ​ഗറ്റീവ്. ധ്രുവ തന്നെയാണ് ഇക്കാര്യം തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. കഴിഞ്ഞ 15നാണ് ധ്രുവയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. 

"എനിക്കും എന്റെ ഭാര്യയ്ക്കും കൊവിഡ് 19 പരിശോധനാഫലം നെ​ഗറ്റീവ് ആയി. എല്ലാവരുടെയും പ്രാർഥനകൾക്ക് കടപ്പാടുണ്ട്, പ്രത്യേകിച്ചും എന്റെ സഹോദരൻ ചിരഞ്ജീവി സർജയുടെ അനു​ഗ്രഹത്തിന്. ഈ ഘട്ടത്തിൽ എല്ലാത്തിനും എന്നോടൊപ്പം നിന്ന അമ്മാവൻ അർജുൻ സർജയോടുള്ള നന്ദി ഞാൻ അറിയിക്കുന്നു. ഡോക്ടർ സുർജിത്ത് പാൽ സിങ്ങിനും മെഡിക്കൽ ഹെൽപ് രാജ്കുമാറിനും പ്രത്യേകം നന്ദി"- ധ്രുവ ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് ലക്ഷണങ്ങൾ കണ്ടുവെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നുമാണ് ധ്രുവ തന്നെയാണ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വ്യക്തികൾ കൊവിഡ് പരിശോധന നടത്തണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐശ്വര്യ ഇപ്പോൾ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ്.