Asianet News MalayalamAsianet News Malayalam

'അമേരിക്കയിൽ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്' ; വിമര്‍ശനത്തിന് വിശദീകരണവുമായി ധ്യാന്‍

ഓണംകേറാമൂലയല്ല, അഭിമാനമാണ് തിരുവമ്പാടിയെന്ന് പറഞ്ഞ് ലിന്റോ ജോസഫ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. തിരുവമ്പാടിയെക്കുറിച്ചുള്ള പ്രസ്താവന തിരുത്താൻ ധ്യാൻ തയ്യാറാവണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു.

dhyan sreenivasan clarification on thiruvambady location controversy
Author
Kochi, First Published Jun 26, 2022, 10:14 AM IST

കൊച്ചി: സിനിമ പ്രമോഷന് ഇടയില്‍ ഷൂട്ടിംഗ് നടന്ന പ്രദേശത്തെക്കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം വിവാദമായിരുന്നു. കൊറോണ വന്നതും പ്രേം നസീർ മരിച്ചതുമൊന്നുമറിയാത്ത നാടാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെന്ന് അഭിമുഖത്തിനിടെയാണ് ധ്യാൻ പറഞ്ഞത്. ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ്‌ രംഗത്തു വന്നിരുന്നു. 

ഓണംകേറാമൂലയല്ല, അഭിമാനമാണ് തിരുവമ്പാടിയെന്ന് പറഞ്ഞ് ലിന്റോ ജോസഫ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. തിരുവമ്പാടിയെക്കുറിച്ചുള്ള പ്രസ്താവന തിരുത്താൻ ധ്യാൻ തയ്യാറാവണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ഇപ്പോഴിതാ പ്രസ്താവനയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

ഫേസ്ബുക്കില്‍ ഒരു അഭിമുഖത്തിന്‍റെ ക്ലിപ്പ് അടക്കമാണ് ധ്യാന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. വെറുപ്പിച്ചിട്ടുണ്ടെങ്കിൽ.. ഇനി ഇപ്പോൾ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആൾക്കാരോട് നന്ദിയും സ്‌നേഹവും മാത്രമേ ഉള്ളൂ. അവിടെ ഉള്ള ആൾക്കാരുടെ സഹകരണം ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു, ധ്യാന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

ഏറെ പ്രിയപ്പെട്ട തിരുവമ്പാടിക്കാരോട്..
ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം നിങ്ങളിൽ പലർക്കും വിഷമമുണ്ടാക്കി എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഈ പോസ്റ്റ്. ആ ഇന്റർവ്യൂ കണ്ടു കാണുമല്ലോ..? കോവിഡ് കാലത്തെ ഷൂട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നായിരുന്നു അതിലെ ചോദ്യം. എന്റെ കൂടെ ഉണ്ടായിരുന്ന ഗോവിന്ദ് പറഞ്ഞത് ഇതായിരുന്നു.. ഒരു മലയുടെ മുകളിൽ കയറിയതിന് പിന്നെ അവിടെ തന്നെ ആയിരുന്നു. കൊറോണ വന്നത് പോലും അറിയാത്ത ആൾക്കാരാണ് അവിടെ എന്നാണ് ഞാൻ പറഞ്ഞ കാര്യം.

കോഴിക്കോട്, നിലമ്പൂർ, മുക്കം, തിരുവമ്പാടി, ആനക്കാംപൊയിൽ, പൂവാറംതോട്‌ എന്നിങ്ങനെ പല സ്ഥലങ്ങളിലാണ് ഞങ്ങൾ ആ സിനിമ ഷൂട്ട് ചെയ്‌തത്‌. തിരുവമ്പാടിയും പൂവാറംതോടും കഴിഞ്ഞ് ഒരു കുന്നിന്റെ മുകളിലുള്ള വീട്ടിലായിരുന്നു പകുതിയോളം ദിവസം ഷൂട്ടിംഗ് നടത്തിയത്. അവിടെ അധികം വീടുകൾ ഇല്ലാത്തതിനാൽ ആൾക്കാരും പൊതുവേ കുറവായിരുന്നു. കൊറോണ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയം ആയിരുന്നിട്ട് പോലും ചുറ്റുവട്ടത്തുള്ള ആരും തന്നെ മാസ്‌ക് വെച്ചതായി കണ്ടില്ല. ഒരു ദിവസം അവിടെ ഷൂട്ട് കാണാൻ വേണ്ടി വന്ന കുറച്ചു പിള്ളേരോട് "ഡാ ഇവിടെ ആരും മാസ്‌ക് ഒന്നും വെക്കാറില്ലേ?" എന്ന് ഞാൻ ചോദിച്ചു. എന്ത് മാസ്‌ക് ചേട്ടാ എന്ന് അവർ തിരിച്ചു ചോദിച്ചു. നിങ്ങൾ കൊറോണ വന്നതൊന്നും അറിഞ്ഞില്ലേ എന്ന് ഞാൻ അപ്പോൾ ചോദിച്ചു. തിരിച്ച് അവൻ എന്നോട് അല്ല നിങ്ങളും വെച്ചിട്ടില്ലല്ലോ? നിങ്ങളും അറിഞ്ഞില്ലേ ഭായ്? എന്ന് ഒരു മറുചോദ്യം. ഞാനും ചിരിച്ചു.. അവരും ചിരിച്ചു. ഒരു ഫോട്ടോ എടുത്തു പോയി.
ഞാൻ ഈ പറഞ്ഞതും ഉദ്ദേശിച്ചതുമായ സ്ഥലം ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ഒതുങ്ങി നിൽക്കുന്ന കുറച്ച് ഉള്ളിലേക്ക് കയറി നിൽക്കുന്ന സ്ഥലമാണ്. 

താഴോട്ട് വന്നാലാണ് തിരുവമ്പാടി ടൗണും മുക്കവുമെല്ലാം. അവിടെ ഒക്കെ ഉള്ള എല്ലാവരും തന്നെ മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്‌തിരുന്നു. പിന്നീട് കോഴിക്കോട് ഉൾപ്പെടെ ആ ജില്ലയിലെ പല ഭാഗങ്ങളിൽ ആ സിനിമ ഷൂട്ട് ചെയ്യുകയും ചെയ്‌തു. ഇപ്പോൾ ആ ജില്ലയിലെ മുഴുവൻ ആൾക്കാരുടെയും തെറി കേൾക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. "ഡാ ചെറ്റേ കോഴിക്കോട് ഓണംകേറാ മൂലയാണോടാ..?, മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..? ഇനി നീ തിരുവമ്പാടിക്ക് വാ.. കാണിച്ച് തരാം.." എന്നിങ്ങനെ ആ ജില്ല വിട്ട് മലപ്പുറത്ത് നിന്നും നിലമ്പൂർ നിന്നുമെല്ലാം തെറിയാണ്. ക്ലൈമാക്സ് ഷൂട്ട് ചെയ്‌തത്‌ നിലമ്പൂർ ആയിരുന്നു..!

ഞാൻ അമേരിക്കയിൽ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്.. കണ്ണൂർക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ സ്വന്തം നാട്ടിൽ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയും. മലബാറുകാരോട് എന്നും സ്നേഹക്കൂടുതൽ തന്നെയുള്ളു. വെറുപ്പിക്കാൻ വെറും 2 സെക്കൻഡ് മതി. ഞാൻ നിങ്ങളെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ.. ഇനി ഇപ്പോൾ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആൾക്കാരോട് നന്ദിയും സ്‌നേഹവും മാത്രമേ ഉള്ളൂ. അവിടെ ഉള്ള ആൾക്കാരുടെ സഹകരണം ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു. അപ്പോൾ പറഞ്ഞ് വന്നത് ഒരു ഇന്റർവ്യൂവിന്റെ ഒരു ചെറിയ ഭാഗം മാത്രം കട്ട് ചെയ്‌ത്‌ പ്രചരിപ്പിച്ചത് കൊണ്ട് ഞാനും ഒരു ഇന്റർവ്യൂവിന്റെ ചെറിയ ഭാഗം കട്ട് ചെയ്‌ത്‌ ഇതിന്റെ താഴെ കൊടുക്കുന്നുണ്ട്. അത് കൂടെ ഒന്ന് കാണണം..! അതേ ദിവസം കൊടുത്ത മറ്റൊരു ഇന്റർവ്യൂ.
PS: നല്ലത് പറയുന്നത് കേൾക്കാൻ പൊതുവേ ആളുകൾ കുറവാണ്..!

Follow Us:
Download App:
  • android
  • ios