ജോണി ആൻ്റണി അവതരിപ്പിച്ച ഇടതുപക്ഷ നേതാവിനെ പോലെയുള്ളവരെയാണ് താൻ കാണാൻ ആഗ്രഹിക്കുന്നത് എന്നും സംവിധായകൻ.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം നിർവഹിച്ച 'ചീനാട്രോഫി' കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം പ്രദർശനം തുടരുകയാണ്. കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ പലഹാരങ്ങൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിലെ ഒരു രംഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി നായിക പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. ഇത് പല ചോദ്യങ്ങൾക്കും ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണോ എന്ന ചോദ്യത്തിന് സംവിധായകൻ അനിൽ ലാൽ മറുപടി നൽകിയിരിക്കുകയാണ്. പ്രസ് മീറ്റിലാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ചീനാട്രോഫി ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിര് അല്ലെന്നും എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ടാകുമെന്നും അതെല്ലാം അതിൻ്റെ ഒരു ബാലൻസിംഗിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും സംവിധായകൻ പത്ര സമ്മളനത്തിൽ പറഞ്ഞു. താനും ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനും പഴയ എസ് എഫ് ഐ പ്രവർത്തകനുമാണെന്ന് വെളിപ്പെടുത്തിയ സംവിധായകൻ ചിത്രത്തിൽ ജോണി ആൻ്റണി അവതരിപ്പിച്ച ഇടതുപക്ഷ നേതാവിനെ പോലെയുള്ളവരെയാണ് താൻ കാണാൻ ആഗ്രഹിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.
ധ്യാനിനൊപ്പം ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

