പ്രാഗ്: മലയാള ചിത്രങ്ങളുടെ ആരാധിക എന്ന രീതിയില്‍ മുന്‍പും സൈബര്‍ ലോകത്ത് ചര്‍ച്ചയായ പോളീഷ് വനിതയാണ് ഡയാന സ്റ്റാന്‍കിയേവിന്‍സ്.  പോളണ്ടിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും മനസ്സു കൊണ്ട് ഇന്ത്യക്കാരിയാണ് ഈ പെണ്‍കുട്ടി.

മലയാളത്തില്‍ ഇഷ്ടനടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ നിവിന്‍ പോളിയാണെന്നായിരുന്നു ഡയാനയുടെ ഉത്തരം. ഇപ്പോള്‍ ഇതാ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പോളണ്ടില്‍ റിലീസ് ചെയ്തതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഇവര്‍.

മോഹന്‍ലാല്‍ അടക്കമുള്ള മലയാള നടന്‍മാരെ വളരെ ഇഷ്ടമാണിവര്‍ക്ക്. മലയാള സിനിമകളുടെ ആരാധികയാണെന്നും കൊച്ചു കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് തന്റെ പിന്തുണ കൂടിയുണ്ടെന്നും ഡയാന പറയുന്നു. കേരളത്തില്‍ ധാരാളം സുഹൃത്തുക്കളും ഡയാനക്കുണ്ട്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇവര്‍ സന്തോഷം പങ്കുവച്ചത്.

മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി തുടങ്ങി വലിയ താരനിരയുമായെത്തുന്ന ലൂസിഫര്‍ കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.