ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ തുടങ്ങി വന്‍ താരനിരയും

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ എന്ന സിനിമയുടെ ചിത്രീകരണം ജൂലെ 14 ന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ കാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനും അവതരിപ്പിക്കുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് സംവിധാന രംഗത്തേക്കുള്ള ധനഞ്ജയ്‍യുടെ കടന്നുവരവ്.

വേറിട്ട പേരിലെത്തുന്ന ചിത്രം മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർ മാഡ്നെസ് ചിത്രമായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ, നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്‍സ്‍ലി ത്രമിഴ്), കോട്ടയം രമേശ്, ഷമീർ ഖാൻ (പ്രേമലു ഫെയിം), ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാലഷ്മി എന്നിവർക്കൊപ്പം പ്രശസ്ത കൊറിയോഗ്രാഫർ ശാന്തി കുമാറും ഈ ചിത്രത്തിൽ മുഖ്യവേഷം അണിയുന്നു. ഈ ചിത്രത്തിന്‍റെ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്യം ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും നടി നൂറിൻ ഷെരീഫുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്‍മാന്‍ ആണ്. ഛായാഗ്രഹണം അരുൺ മോഹൻ, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം നിമേഷ് താനൂർ, കോ- പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി. കോയമ്പത്തൂർ, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം, കൂടുതല്‍ മിഴിവോടെ 'ദേവദൂതന്‍'; റീ റിലീസ് ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം