Asianet News MalayalamAsianet News Malayalam

Dileep : ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്

മാനേജര്‍ക്കും സുഹൃത്തിനുമൊപ്പം ഇന്നലെയാണ് ദിലീപ് എത്തിയത്

dileep visits sabarimala temple
Author
Thiruvananthapuram, First Published Apr 18, 2022, 12:05 PM IST

ശബരിമലയില്‍ (Sabarimala) ദര്‍ശനം നടത്തി നടന്‍ ദിലീപ് (Dileep). സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൌസില്‍ തങ്ങിയ സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തും ഇവര്‍ ദര്‍ശനം നടത്തി. തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും നടത്തി. സന്നിധാനത്ത് ഏറെ നേരം ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്.

സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്തു വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും ദിലീപിനെ  ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമായാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നതായി പരാതി, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി

നടിയെ അക്രമിച്ച കേസിൽ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.

2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു  മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി. 

Follow Us:
Download App:
  • android
  • ios