ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലിയോ തദേവൂസ് സംവിധാനം ചെയ്ത 'ചെവിട്ടോർമ്മ' എന്ന ചിത്രത്തിന്‍റെ പ്രീമിയറിനായാണ് ദിലീഷ് പോത്തൻ എത്തിയത്.
ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF 2026) 31-ാമത് പതിപ്പിൽ ശ്രദ്ധാകേന്ദ്രമായി മലയാളത്തിന്‍റെ ശ്രദ്ധേയ സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ലിയോ തദേവൂസ് സംവിധാനം ചെയ്ത 'ചെവിട്ടോർമ്മ' എന്ന ചിത്രത്തിന്‍റെ വേൾഡ് പ്രീമിയറിനായാണ് ദിലീഷ് പോത്തൻ ബുസാനിലെത്തിയത്. മേളയിലെ പ്രശസ്തമായ 'എ വിൻഡോ ഓൺ ഏഷ്യൻ സിനിമ' എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ മലയാളി തനിമയുള്ള പരമ്പരാഗത വേഷത്തിൽ ദിലീഷ് പോത്തനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും എത്തിച്ചേർന്നത് ഏറെ ശ്രദ്ധേയമായി.
തന്‍റെ യഥാർത്ഥ പ്രായത്തേക്കാൾ ഇരട്ടി പ്രായമുള്ള, മരണക്കിടക്കയിലായ 'വർക്കിച്ചൻ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. പൗളി വത്സനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് സംവിധായകനായി പല അന്താരാഷ്ട്ര മേളകളുടെയും ഭാഗമായിട്ടുള്ള ദിലീഷ് പോത്തൻ, ഇപ്പോൾ അഭിനേതാവായും ഇത്തരം വേദികളിൽ ശോഭിക്കുന്നത് മലയാള സിനിമയ്ക്ക് തന്നെ ഇരട്ടി മധുരമായിരിക്കുകയാണ്. ഈയടുത്ത് പുറത്തിറങ്ങിയ 'ചെവിട്ടോർമ്മ' ടീസറിൽ ദിലീഷ് പോത്തന്‍റെ വ്യത്യസ്തമായ ലുക്കും പ്രകടനവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ദിലീഷ് പോത്തൻ അടുത്തിടെയായി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. അദ്ദേഹം നായക വേഷത്തിൽ എത്തിയ 'റോന്ത്' ഈയിടെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഏറെ അഭിനയ പ്രാധാന്യമുള്ള യോഹന്നാൻ എന്ന എസ്ഐ കഥാപാത്രമായി പോത്തന്‍റെ പ്രകടനം പ്രേക്ഷകപ്രശംസ നേടിയിരുന്നു. 'ഓ ബേബി', 'റൈഫിൾ ക്ലബ്' എന്നീ ചിത്രങ്ങളിലും വ്യത്യസ്തമായ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച് പോത്തൻ കയ്യടി നേടിയിരുന്നു . മികച്ച സംവിധായകൻ മാത്രമല്ല മികവുള്ള നടൻ കൂടിയാണെന്ന് സമീപകാല ചിത്രങ്ങളിലൂടെ ദിലീഷ് പോത്തൻ തെളിയിച്ചിട്ടുണ്ട്.
സംവിധായകൻ, നിർമ്മാതാവ്, നടൻ എന്നീ വിവിധ തലങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം 'ചെവിട്ടോർമ്മ'യിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ ബുസാൻ പ്രീമിയറുമായി ബന്ധപ്പെട്ട് ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, തന്‍റെ അഭിനയ ജീവിതത്തെക്കുറിച്ചും കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ദിലീഷ് പോത്തൻ മനസ്സ് തുറന്നു. ''ഇപ്പോഴും എന്നെ ഒരു സംവിധായകനായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സംവിധാനം മാത്രമായിരുന്നു എന്‍റെ എപ്പോഴത്തെയും ലക്ഷ്യം. അഭിനയിച്ച വേഷങ്ങളെല്ലാം തന്നെ അഭിനയിക്കാനുള്ള ചില ശ്രമങ്ങളായാണ് എനിക്ക് തോന്നുന്നത്," എന്ന് ദിലീഷ് പോത്തൻ പറയുകയുണ്ടായി.
ആദ്യകാലങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോൾ ജീവനോപാധിയായാണ് അഭിനയത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം ഓർത്തെടുത്തു. അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിക്കുന്ന കാലത്ത് 'സാൾട്ട് ആന്‍ഡ് പെപ്പർ' എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് വരുമാനമാർഗ്ഗമായി കൂടുതൽ വേഷങ്ങൾ ചെയ്യുകയും ക്രമേണ അഭിനയം ആസ്വദിച്ചു തുടങ്ങുകയുമായിരുന്നു. എങ്കിലും സിനിമകളെയും കഥാപാത്രങ്ങളെയും അടുത്തറിയാനും പഠിക്കാനുമുള്ള അവസരമായാണ് അദ്ദേഹം അഭിനയത്തെ കാണുന്നത്.
"ജീവിതത്തിൽ മരണത്തെ ഏറ്റവും അടുത്തറിഞ്ഞത് എന്‍റെ മുത്തച്ഛൻ മരിച്ചപ്പോഴാണ്. അദ്ദേഹത്തിന്‍റെ അവസാന നിമിഷങ്ങളിൽ ഞാൻ കൂടെയുണ്ടായിരുന്നു. ആ അനുഭവങ്ങളും ചുറ്റും കണ്ടിട്ടുള്ള പല രോഗികളുടേയും മാനസികാവസ്ഥയും മനസ്സിൽ ധ്യാനിച്ചാണ് വർക്കിച്ചന്‍റെ മാനസികാവസ്ഥയിലേക്ക് ഞാൻ എത്തിയത്.", അദ്ദേഹം പറഞ്ഞു. "റൊണെക്സ് സേവ്യർ ചെയ്ത മേക്കപ്പ് എന്നെ കഥാപാത്രത്തിലേക്ക് പൂർണ്ണമായി മാറ്റാൻ സഹായിച്ചു. കൂടാതെ പൗളി ചേച്ചിയുമൊന്നിച്ചുള്ള രംഗങ്ങളിൽ അവരുടെ പ്രകടനം വലിയ പിന്തുണയായ്.", ദിലീഷ് പോത്തന്‍റെ വാക്കുകള്‍.

