ചിത്രം ജൂണിൽ തിയറ്ററുകളിൽ എത്തും.
രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഒ ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. രഞ്ജൻ പ്രമോദും ദിലീഷ് പോത്തനും കൈ കോർക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
മുഖ്യധാര മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരേ സമയം കലാമൂല്യത്തിനും പ്രേക്ഷക പിന്തുണയിലും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളുടെ ഭാഗമായ ഇരുവരുടെയും കൂട്ടുകെട്ടിനെ വളരെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ നോക്കി കാണുന്നത്.

ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, നടൻ എം ജി സോമന്റെ മകൻ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജൂണിൽ തിയറ്ററുകളിൽ എത്തും.

