മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് 'പൊന്മാൻ', 'എക്കോ' എന്നീ മലയാള സിനിമകളെ പ്രശംസിച്ച് എക്‌സിൽ കുറിപ്പ് പങ്കുവെച്ചു.

എക്കോയെയും, പൊന്മാനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. പൊന്മാനിലെ ബേസിൽ ജോസഫിന്റെ പ്രകടനത്തെ പ്രശംസിച്ച അദ്ദേഹം, മലയാള സിനിമ തികച്ചും വ്യത്യസ്തമായ തലത്തിലാണ് സഞ്ചരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എക്‌സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ദിനേശ് കാർത്തികിന്റെ പ്രതികരണം.

"അടുത്തിടെ ഞാൻ കണ്ട രണ്ട് മികച്ച നിലവാരമുള്ള മലയാള സിനിമകൾ പൊൻമാനും എക്കോയുമാണ്. പൊന്മാൻ സിനിമയിൽ ബേസിൽ ജോസഫിന്റെ അസാമാന്യ പ്രകടനം, ആ സിനിമയിൽ ഉടനീളം അദ്ദേഹം ജീവിക്കുകയായിരുന്നു. സിനിമയിലെ മറ്റ് അഭിനേതാക്കളും മികച്ചതായിരുന്നു. ഛായാഗ്രഹണം, ലൊക്കേഷനുകൾ എന്നിവ കൊണ്ട് ദിൻജിത്ത് എക്കോ എന്ന സിനിമയെ മനോഹരമാക്കി. സിനിമയുടെ കഥ മനോഹരമാണ്. എക്കോ എന്നെ അത്ഭുതപ്പെടുത്തി. മലയാള സിനിമ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് സഞ്ചരിക്കുന്നത്. മലയാളത്തിൽ ഇത്തരം മികച്ച കൂടുതൽ സിനിമകൾ നിർമ്മിക്കുക, സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുക." ദിനേശ് കാർത്തിക് കുറിച്ചു.

അതേസമയം പ്രൊഡക്ഷൻ ഡിസൈനറായ ജോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊന്മാൻ. ജിആർ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ജി ആർ ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. യഥാർത്ഥ സംഭവ വികാസങ്ങളെ മുൻനിർത്തി ഒരുക്കിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു. ബേസിൽ ജോസഫിന്റെ കരിയർ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു പൊന്മാനിലെ പിപി അജേഷ് എന്ന കഥാപാത്രം.

കിഷ്കിന്ധ കാണ്ഡം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ ബാഹുൽ രമേശ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ രണ്ടാം ചിത്രമായിരുന്നു എക്കോ. സന്ദീപ് പ്രദീപ് നായകനായി എത്തിയ ചിത്രം കഹ്‌സീൻജ വര്ഷഹത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച എക്കോയ്ക്ക് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

YouTube video player