രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു

തൃശൂര്‍: ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വച്ചാണ് മരണം. സംസ്‍കാരം പിന്നീട്.

തൃശൂര്‍ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുര്യാക്കോസിന്‍റെയും മാർത്തയുടെയും മകനായി 1946ലാണ് ജനനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്‍റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. 

ഏഴ് സിനിമകളാണ് ആന്‍റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്‍തത്. ഇണയെ തേടി, വയല്‍, അമ്പട ഞാനേ!, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നിങ്ങനെ ചിത്രങ്ങള്‍. ഇതില്‍ ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം. സംവിധാനം ചെയ്യാത്ത പല ചിത്രങ്ങള്‍ക്കും കഥ രചിച്ചു. രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്‍കരവീരന്‍ എന്നിവയാണ് അവയില്‍ ശ്രദ്ധേയം. നടി സിൽക്ക് സ്‍മിത, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചത് ആന്‍റണി ഈസ്റ്റ്മാന്‍റെ ഇണയെ തേടി എന്ന ചിത്രത്തിലൂടെ ആയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona