പൃഥ്വിരാജ് ആണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമാസ്വാദകരിൽ കാത്തിരിപ്പ് ഉണർത്തുന്ന ചില സിനിമകൾ ഉണ്ട്. സംവിധായകൻ- നടൻ കോമ്പോയോ, നടനോ, സംവിധായാക തിരക്കഥ കോമ്പോ ഒക്കെ ആയിരിക്കും അതിന് കാരണം. അത്തരമൊരു സിനിമ മലയാളത്തിൽ ഉണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ആണ് അത്. ഏറ്റവും കൂടുതൽ ആളുകൾ വായിച്ച ബെന്യമിന്റെ നോവൽ അതേപേരിൽ സിനിമ ആകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. നിരവധി പേര്‍ വായിച്ച് തഴമ്പിച്ച, മനസിൽ വരച്ചിട്ട നജീബിന്‍റെ ജീവിതം സ്ക്രീൻ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ ഒരു വലിയ റിസ്ക് എടുത്ത് ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകൻ ബ്ലെസി ആണ്.
മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ പൃഥ്വിരാജ് ആണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനായി പൃഥ്വി നടത്തിയ മേക്കോവറുകളും ത്യാഗങ്ങളും ഏറെ വലുതായിരുന്നു. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ അടക്കം അക്കാര്യം പറഞ്ഞതാണ്. ആടുജീവിതത്തിന്റേതായി പുറത്തുവന്ന സ്റ്റിൽസും വീഡിയോയും അത് വെളിവാക്കുന്നുണ്ട്.
മലയാള സിനിമയിൽ മറ്റൊരു വലിയ അധ്യായം കുറിക്കാൻ ഒരുങ്ങുന്ന ആടുജീവിതം എന്ന് റിലീസ് ചെയ്യും എന്നറിയാനായി കാത്തിരിക്കുകയാണ് കേരളക്കര. ഈ അവസരത്തിൽ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സ്വയം പുതുക്കുന്ന ചാക്കോച്ചൻ; മനുഷ്യവന്യതയുടെ നേർ സാക്ഷ്യവുമായി 'ചാവേർ'- റിവ്യു
ആടുജീവിതം ക്രിസ്മസിന് റിലീസ് ചെയ്യുമോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന്, "ആടുജീവിതത്തെ കുറിച്ച് എന്തെങ്കിലും പറയാൻ ആയിട്ടില്ല. ചിത്രത്തിന്റെ അണിയറ കാര്യങ്ങൾ നന്നു കൊണ്ടിരിക്കയാണ്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. എല്ലാം ഫൈനലിൽ എത്തിയ ശേഷം നിങ്ങളെ അറിയിക്കുന്നതായിരിക്കും", എന്നാണ് ബ്ലെസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഒരുപക്ഷേ സിനിമ അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് ആരാധക വിലയിരുത്തലുകൾ. 2018ൽ പത്തനംതിട്ടയിൽ ആയിരുന്നു ആടുജീവിതം ആരംഭിച്ചത്. ശേഷം 2022 ജൂലൈയിൽ ആണ് ചിത്രത്തിന് പാക്കപ്പ് ആയത്. എ ആര്‍ റഹ്‍മാന്‍ സംഗീതം നൽകുന്ന ചിത്രത്തിന് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് കെ എസ് സുനില്‍ ആണ്.
