രണ്ടാം ഭാ​ഗത്തെ കുറിച്ച് കഥാകൃത്ത് ബെന്യാമിനും സംസാരിച്ചു.

ടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം വിജയ​ഗാഥ രചിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം നേടിയ സിനിമ സംവിധാനം ചെയ്തത് ബ്ലെസി ആയിരുന്നു. പതിനാറ് വർഷത്തോളം ഈ സിനിമയുടെ പുറകെ ആയിരുന്നു അദ്ദേഹമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. ആടുജീവിതം റിലീസ് ചെയ്തതിന് പിന്നാലെ രണ്ടാം ഭാ​ഗം ഉണ്ടാകുമോ എന്ന തരത്തിൽ പലരും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം. 

നജീബിന്റെ ഭാര്യയുടെ കഥ വച്ച് പ്രമോഷനിടെ ഒരു പരസ്യം പ്ലാൻ ചെയ്തിരുന്നുവെന്നും ആ കഥ എല്ലാവർക്കും ഇഷ്ടമായെന്നും ബ്ലെസി പറയുന്നു. നിലവിൽ രണ്ടാം ഭാ​ഗം ഉണ്ടാവില്ലെന്നും ഭാവിയിൽ ചിലപ്പോൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.

"ആടുജീവിതത്തിന്റെ പ്രമോഷന്റെ സമയത്ത് നമ്മൾ ചിന്തിച്ച കാര്യമാണ് ഈ മൂന്ന് വർഷം സൈനു എങ്ങനെയാണ് ജീവിച്ചത് എന്നത്. അതിന് വേണ്ടി കുറച്ച് ഷോട്ടുകൾ മാത്രം എടുത്ത് പരസ്യത്തിനായി ഉപയോ​ഗിക്കണം, സൈനുവിനെ വച്ച് ഷൂട്ട് ചെയ്യണം എന്നൊക്കെ വിചാരിച്ചിരുന്നു. സൈനുവിന്റെ കാത്തിരിപ്പ്, പോസ്റ്റ് ഓഫീസിൽ പോയിരിക്കുന്നത് തുടങ്ങി അഞ്ചാറ് സീക്വൻസുകൾ. ഒപ്പം പാച്ച് വർക്കുകൾ ചെയ്യുന്ന സമയത്ത് അമല പോളിനോട് ഇങ്ങനെ ഒരു കഥയുണ്ടെന്ന് പറ‍‍ഞ്ഞിരുന്നു. സൈനു ഒറ്റപ്പെട്ടപ്പോഴുള്ളൊരു കഥ ഞാൻ പറഞ്ഞു. കുറേപേർ കേട്ടപ്പോൾ അത് രസകരമായ കഥയാണെന്ന് പറഞ്ഞിരുന്നു. അത്രേ ഉള്ളൂ. അല്ലാതെ സിനിമ ആക്കാനായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. പിന്നെ ഞാൻ ഇമോഷന്റെ ആള് ആയത് കൊണ്ട് അതൊരു ഭയങ്കര ഇമോഷണൽ പടമായി മാറാൻ സാധ്യതയുണ്ട്", എന്നാണ് ബ്ലെസി പറഞ്ഞത്. 

ഇനി കാണപ്പോവത് നിജം..; ബി​ഗ് ബോസിലേക്ക് സീക്രട്ട് ഏജന്റുമോ? വൈൽഡ് കാർഡ് പ്രെഡിക്ഷനുകൾ ഇങ്ങനെ

രണ്ടാം ഭാ​ഗത്തെ കുറിച്ച് കഥാകൃത്ത് ബെന്യാമിനും സംസാരിച്ചു. "സൈനുവിന്റെ ജീവിതം വളരെ പ്രധാനപ്പെട്ടതായാണ് ഞാൻ കാണുന്നത്. എത്രപേർ പ്രവാസികളായി പോയിട്ടുണ്ടോ അത്രത്തോളം ഭാര്യമാർ ഇവിടെ ഒറ്റപ്പെട്ട് ജീവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അത് അടയാളപ്പെടുത്തേണ്ട ഒന്നാണ്. ബ്ലെസി സാർ ചെയ്തില്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ചെയ്യേണ്ടതാണ് അങ്ങനെ ഒരു സിനിമ. ​ഗർഫ് പ്രവാസത്തിന്റെ സ്ത്രീ വെർഷന് എന്നത് വലിയ സാധ്യതയുള്ള മേഖലയാണ്. സൈനു മൂന്ന് വർഷം ആണെങ്കിൽ ചില സ്ത്രീകളൊക്കെ പത്തും ഇരുപതും വർഷം ഭർത്താവിനെ കാത്തിരിക്കുന്നുണ്ട്", എന്നാണ് ബെന്യാമിൻ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..