"തമിഴില്‍ ഇത് ഒരു ചെറിയ സിനിമയുടെ ബജറ്റ് ആയിരിക്കാം. പക്ഷേ മലയാളത്തെ സംബന്ധിച്ച് ഇത് വലിയ ബജറ്റ് ആണ്"

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റും എന്നാണ് റിലീസിന് മുന്‍പുള്ള ഒരു അഭിമുഖത്തില്‍ ചിത്രത്തിന്‍റെ സം​ഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞത്. സുഷിന്‍റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും. ഇപ്പോഴിതാ വലിയ സാമ്പത്തിക വിജയത്തിലേക്ക് പോകുന്ന ചിത്രത്തിന്‍റെ ബജറ്റ് എത്രയെന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ചിദംബരം.

തമിഴ് മാധ്യമമായ എസ് എസ് മ്യൂസിക്കിന് മഞ്ഞുമ്മല്‍ ബോയ്സ് ടീം നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ചിദംബരത്തോട് ചിത്രത്തിന്‍റെ ബജറ്റ് സംബന്ധിച്ച് അവതാരകന്‍റെ അന്വേഷണം. 20 കോടിയാണ് ചിത്രത്തിന്‍റെ ആകെ ചിലവെന്ന് ചിദംബരം പറയുന്നു. "മാര്‍ക്കറ്റിം​ഗ് ചിലവുകള്‍ ചേര്‍ത്ത് 20 കോടിക്ക് മുകളിലാണ് ബജറ്റ്. ഒഫിഷ്യല്‍ ആയി എനിക്ക് പറയാനാവില്ല. തമിഴില്‍ ഇത് ഒരു ചെറിയ സിനിമയുടെ ബജറ്റ് ആയിരിക്കാം. പക്ഷേ മലയാളത്തെ സംബന്ധിച്ച് ഇത് വലിയ ബജറ്റ് ആണ്, ഒരു സൂപ്പര്‍താരം ഇല്ലാത്ത സിനിമയെ സംബന്ധിച്ച്", ചിദംബരത്തിന്‍റെ വാക്കുകള്‍.

അഭിനേതാക്കളുടെ പ്രതിഫലത്തേക്കാള്‍ സാങ്കേതിക മേഖലയിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്തതെന്ന് ചിത്രത്തിലെ നടനും കാസ്റ്റിം​ഗ് ഡയറക്ടറുമായ ​ഗണപതി പറഞ്ഞു. അരങ്ങിലും അണിയറയിലും പ്രതിഭാധനരുടെ ഒരു സംഘമാണ് മഞ്ഞുമ്മല്‍ ബോയ്‍സില്‍ പ്രവര്‍ത്തിച്ചത്. ഷൈജു ഖാലിദ് ആണ് ഛായാ​ഗ്രാഹകന്‍. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും സുഷിന്‍ ശ്യാം സം​ഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിം​ഗും നിര്‍വ്വഹിച്ചിരിക്കുന്നു. കമല്‍ ഹാസന്‍റെ ​ഗുണ സിനിമയുടെ ചില റെഫറന്‍സുകള്‍ കടന്നുവരുന്നത് തമിഴ് പ്രേക്ഷകര്‍ക്ക് ചിത്രത്തോട് അടുപ്പമുണ്ടാക്കുന്ന ഘടകമാണ്. കൂടാതെ ചിത്രത്തിന്‍റെ വലിയൊരു ശതമാനവും സംഭവിക്കുന്നത് കൊടൈക്കനാലിലാണ്. കൊടൈക്കനാലിലെ ​ഗുണ കേവ് ആണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. കൊച്ചിയില്‍ ഈ ​ഗുഹയുടെ സെറ്റ് ഇട്ടാണ് പ്രധാന ഭാ​ഗങ്ങള്‍ ചിത്രീകരിച്ചത്. സെറ്റ് നിര്‍മ്മാണത്തിന് മാത്രം 4 കോടി ചിലവ് വന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ALSO READ : ജാഫര്‍ ഇടുക്കിയും ഇന്ദ്രന്‍സും പ്രധാന താരങ്ങള്‍; 'കുട്ടന്‍റെ ഷിനിഗാമി' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം