രായന്റെ റിലീസ് വൈകിയേക്കും.
ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രം രായൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഏപ്രില്‍ 11നായിരിക്കും ധനുഷ് സംവിധായകനുമാകുന്ന ചിത്രം രായൻ റിലീസ് ചെയ്യുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. രായൻ വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോക്‍സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനുഷ് ചിത്രം വൈകിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോള്‍ റിലീസ് തിയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
വിജയ് നായകനായ ഹിറ്റായ ലിയോയുടെ കഥയുമായി സാമ്യമുള്ളതാണ് രായനും എന്നും ഒരു മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോഫി ഷോപ്പ് നടത്തുന്ന പാര്‍ഥിപനെന്ന കഥാപാത്രമായിരുന്നു ലിയോയില്‍ നായകൻ വിജയ്‍ക്ക് ഉണ്ടായിരുന്നത്. അധോലോക നായകനെന്ന ഇരുണ്ട കാലം കഥാപാത്രത്തിനു ഉണ്ടായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒടുവിലെത്തിയ ചിത്രമായ ലിയോ വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായും മാറിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ ജയിലറെയടക്കം എതിരിട്ടാണ് വിജയ് ലിയോ കളക്ഷനില്‍ ഒന്നാമതെത്തിയത്. തൃഷയായിരുന്നു ദളപതി വിജയ്‍യുടെ നായികയായി ചിത്രത്തില്‍ എത്തിയത്. സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രമാകട്ടെ ഒരു കുക്കാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട്. കാളിദാസ് ജയറാം ധനുഷിന്റെ സഹോദരനുമായി ചിത്രത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
എസ് ജെ സൂര്യ ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുന്ദീപ് കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഒരുപാട് സര്‍പൈസുകള്‍ ധനുഷ് തന്റെ ചിത്രമായ രായനില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് പ്രധാന ചര്‍ച്ച. കഥയടക്കമുള്ള സസ്‍പെൻസുകള്‍ നീങ്ങണമെങ്കില്‍ എന്തായാലും ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തുനില്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. രായന്റെ നിര്‍മാണം സണ്‍ പിക്ചേഴ്‍സ്. ഛായാഗ്രാഹണം ഓം പ്രകാശ്. ഫസ്റ്റ് ലുക്കില്‍ ഞെട്ടിക്കുന്ന ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
