ഒമ്പതാമത് അജന്ത എല്ലോറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജനുവരി മൂന്ന് മുതല്‍.
ഒമ്പതാമത് അജന്ത എല്ലോറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (എഐഎഫ്എഫ് 2024) ജനുവരി മൂന്ന് മുതല്‍ ഏഴ് മുതല്‍ നടക്കും. മഹാരാഷ്‍ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. പ്രൊസോണ്‍ മാളിലെ ഐനോക്സിലായിരിക്കും പ്രദര്‍ശനം. മലയാളത്തില്‍ നിന്ന് ഫാമിലിയും 2018ഉം ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ദ മറാത്തവാഡ ആര്‍ട് കള്‍ച്ചര്‍, ആൻഡ് ഫിലിം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്‍ഘാടനം ഛത്രപതി സാംഭാജി നഗറില്‍ ജനുവരി മൂന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും. ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്ര്) എഫ്എഫ്‍സി (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇൻ ഇന്ത്യ), മഹാരാഷ്‍ട്ര സര്‍ക്കാര്‍, നാഷണല്‍ ഫിലിം ഡവലപ്‍മെന്റ് കോര്‍പറേഷൻ ലിമിറ്റഡ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം മുംബൈയിലെ നാഥ് ഗ്രൂപ്പ്, എംജിഎം യൂണിവേഴ്‍സിറ്റി യശ്വന്തറാവു ചവാൻ സെന്റര്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ കോംപറ്റീഷൻ, ഫിപ്രസ്‍സി അവാര്‍ഡ് തുടങ്ങിയവയ്‍ക്ക് പുറമേ ഇത്തവണത്തെ അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണില്‍ ഫെസ്റ്റിവലില്‍ ഇന്ത്യ ഫോക്കസ്, മറാത്തവാഡാ ഷോര്‍ട് ഫിലിം കോംപറ്റീഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു. എഐഎഫ്എഫ് 2024 ലൈഫ്‍ടൈം അച്ചീവ്‍മെന്റ് അവാര്‍ഡ് ജാവേദ് അക്തറിനാണ്.
ഫാളൻ ലിവ്‍സാണ് ഉദ്ഘാടന ചിത്രമായി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. അനാട്ടമി ഓഫ് ഫാള്‍ സമാപന ചിത്രമായും പ്രദര്‍ശിപ്പിക്കും. മാസ്റ്റര്‍ ക്ലാസും പ്രത്യേക പ്രഭാഷണങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരമായി സംവദിക്കാനും അവസരമുണ്ടാകും. www.aifilmfest.in എന്ന വെബ്‍സൈറ്റിലൂടെ ചലിച്ചിത്ര മേളയില്‍ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്യാമെന്നും സാധാരണ വിഭാഗത്തില്‍ ഫീസ് 500 രൂപയും മുതിര്‍ന്ന പൗരൻമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഫീസ് 300 രൂപയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഐഎഫ്എഫ്‍കെ 2023ല്‍ ശ്രദ്ധയാകര്‍ഷിച്ച മലയാള ചിത്രം ഫാമിലി പ്രദര്‍ശിപ്പിക്കുന്നത് അജന്ത എല്ലോറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലായിരിക്കും. സംവിധായകൻ ഡോണ്‍ പാലത്തറയുടെ പുതിയ ചിത്രമായ ഫാമിലിയില്‍ വിനയ് ഫോര്‍ട്ട്, നില്‍ജ കെ, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രിയായ ചിത്രം 2018 മലയാളത്തിന്റെ പ്രാതിനിധ്യമായി അജന്ത എല്ലോറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2024ല്‍ ഇന്ത്യ ഫോക്കസ് വിഭാഗത്തില്‍ ഇടംനേടിയിട്ടുണ്ട്. സംവിധാനം ജൂഡ് ആന്തണി ജോസഫാണ്.
