Asianet News MalayalamAsianet News Malayalam

ജീവിതവും കരിയറുമെല്ലാം പണയത്തിലാണ്; രോമാഞ്ചം നിര്‍മ്മാതാവിന്‍റെ വികാരഭരിതമായ കുറിപ്പ്.!

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരി 3 ആണ് പുതുക്കിയ റിലീസ് തീയതി. 

director john paul george emotional note before romancham release
Author
First Published Feb 2, 2023, 1:18 PM IST

കൊച്ചി: സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തുകയാണ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്. ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൌബിന്‍ ഷാഹിറിനെ ട്രെയ്‍ലറില്‍ കാണാം. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരി 3 ആണ് പുതുക്കിയ റിലീസ് തീയതി. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സിനിമയുടെ നിര്‍മ്മാതാവ് ജോണ്‍പോള്‍ ജോര്‍ജ്  സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചു. ഈ സിനിമയ്ക്കു വേണ്ടി ജീവിതവും കരിയറുമെല്ലാം പണയത്തിലായെന്നും ഇനി പ്രേക്ഷകരിൽ മാത്രമാണ് പ്രതീക്ഷയെന്ന് കത്തില്‍ ജോണ്‍ പോള്‍ പറയുന്നു. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോണ്‍ പോള്‍. വളരെ നല്ല അഭിപ്രായം നേടിയിട്ടും തീയറ്ററില്‍ പരാജയപ്പെട്ട പടമാണ് ഗപ്പി. 

ഇതും ജോണ്‍പോള്‍ ജോര്‍ജ്  കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അന്ന് ഗപ്പി തിയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലെ. അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും. ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല - ജോണ്‍ പോള്‍ കത്തില്‍ പറയുന്നു.

കത്തിന്‍റെ പൂര്‍ണ്ണരൂപം

രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാവില്ല.....അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തിയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.

പ്രതിസന്ധികളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും കടന്നുപോയപ്പോള്‍ ഒപ്പം നിന്ന ഗിരീഷിനും, ജോബി ചേട്ടനും, സമീറിക്കയ്ക്കും,അസ്സീമിക്കയ്ക്കും, ഷാജി സാറിനും, പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും പ്രാർഥനയോടെ കൂടെ നിന്നവര്‍ക്കും നന്ദി പറയുന്നു... രോമാഞ്ചത്തിന്റെ പ്രമോഷനും, ട്രെയിലറും, പാട്ടുകളും നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുത്തുവെന്നറിയാം. വഴിയില്‍ ഹോര്‍ഡിംഗ്‌സുകള്‍ കുറവാണെന്നറിയാം നേരത്തെ റിലീസ് ചെയ്യാനിരുന്നപ്പോള്‍ അതെല്ലാമുണ്ടായിരുന്നു. 

ഇനിയും വെച്ചാല്‍ വീണ്ടും വലിയ നഷ്ടമുണ്ടാകും, നിങ്ങള്‍ക്ക് അത് മനസ്സിലാകും.കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശിപ്പിക്കുന്നത്, ധൈര്യമായി കാണാം ഈ സിനിമ, അതെന്റെ ഉറപ്പാണ്. ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവരോടും കാണാന്‍ പറയണം, ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല. ചിരിക്കാന്‍, സന്തോഷിക്കാന്‍ ഒരു നല്ല തിയറ്റര്‍ അനുഭവത്തിനായ് നമുക്ക് കാത്തിരിക്കാം, ഫെബ്രുവരി -3. ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്..

ഈ യാത്രയില്‍ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചുവെങ്കില്‍ എന്നോട് ക്ഷമിക്കണം, ഒപ്പം നിക്കണം, ശരിക്കും കച്ചിത്തുരുമ്പാണ്. രോമാഞ്ചത്തിന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി.. ഇനി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ.....

പ്രതീക്ഷയോടെ 
ജോണ്‍പോള്‍ ജോര്‍ജ്

ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ ക്ഷണിച്ച് സൗബിന്‍; 'രോമാഞ്ചം' ട്രെയ്‍ലര്‍

'തലതെറിച്ചവര്‍..'; രസിപ്പിച്ച് 'രോമാഞ്ച'ത്തിലെ വീഡിയോ ഗാനം, ചിത്രം ഫെബ്രുവരിയിൽ തിയറ്ററിൽ

Follow Us:
Download App:
  • android
  • ios