Asianet News MalayalamAsianet News Malayalam

മദ്യവിമുക്തമായ ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ മാറ്റാനാണ് ഈ ആപ്പ്; പരിഹാസവുമായി ജോയ് മാത്യു

ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും. അത് മനസ്സിലാക്കിത്തന്നെയാണ് ഗവൺമെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളിൽ അടിച്ചു കേറ്റിയിരിക്കുന്നത്ത്

director joy mathew against issues in bevQ app
Author
Kozhikode, First Published May 30, 2020, 11:54 PM IST

ബെവ്ക്യു ആപ്പിലെ തകരാറുകള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി സംവിധായകനും നടനുമായി ജോയ് മാത്യു. കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി  കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സംവിധാനമാണ് ഈ ആപ്പ്. ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും. ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല.എന്നാൽ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു . അത് മനസ്സിലാക്കിത്തന്നെയാണ് ഗവൺമെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളിൽ അടിച്ചു കേറ്റിയിരിക്കുന്നത്ത്. മദ്യം ലഭിക്കുന്നതിനായി ഒരാള്‍ സഞ്ചരിക്കേണ്ടി വരുന്ന ദൂരത്തിനേക്കുറിച്ചും ജോയ് മാത്യു പരിഹസിക്കുന്നുണ്ട്. മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാൻ കേരള ഗവൺമെന്റ് കാണിക്കുന്ന ഈ ശുഷ്കാന്തിയെ നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരാണ് പിന്തുണക്കുകയെന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത്. 

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു
------------------------------------------------
കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി കേരള ഗവൺമെന്റ് നടപ്പിലാക്കിയ ആപ്പ് പരിപാടിയെ എന്തുകൊണ്ടാണ് മദ്യവിരുദ്ധ പ്രസ്ഥാനക്കാർ പിന്തുണക്കാത്തത് ? സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകൾ(ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല) പിന്നെ ഇവർക്ക് തുലയ്ക്കുവാൻ പൊതുഖജാനാവ് !.എന്നിട്ടും ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസ്സിലായിട്ടില്ല.

അവിടെയാണ് സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടത് . ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും.ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല.എന്നാൽ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു . അത് മനസ്സിലാക്കിത്തന്നെയാണ് ഗവൺമെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളിൽ അടിച്ചു കേറ്റിയിരിക്കുന്നത്ത് .സംശയമുണ്ടെങ്കിൽ നിങ്ങൾ ഇതൊന്നു ഡൌൺ ലോഡ് ചെയ്യൂ .നിങ്ങൾ കോഴിക്കോട്ടുകാരനാണെങ്കിൽ നിങ്ങൾക്ക് കണ്ണൂരിലെ ഒരു ബാറിൽ നിന്നും മദ്യം കിട്ടും.കോട്ടയംകാരനാണെങ്കിൽ കൊച്ചിയിലും കൊച്ചിക്കാരനാണെങ്കിൽ കാഞ്ഞിരപ്പള്ളിയിലും! 

ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം .അല്ലെങ്കിൽ ബീവറേജിൽ വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന കൂതറ ചരക്കുകൾ ഭാഗ്യമുണ്ടെങ്കിൽ കിട്ടിയെങ്കിലായി .അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല , ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത് ? മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാൻ കേരള ഗവൺമെന്റ് കാണിക്കുന്ന ഈ ശുഷ്കാന്തിയെ നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരാണ് പിന്തുണക്കുക ! 

ചുരുങ്ങിയപക്ഷം സഖാക്കളെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇമ്മാതിരി ഒരു ആപ്പ് കണ്ടുപിടിച്ച സ്വകാര്യ കമ്പനിയെയും അതിലെ ആപ്പ് ശില്പികളെയും ആദരിക്കാൻ കേരള ജനത രാഷ്ട്രീയ ഭേദമെന്യേ തയ്യാറായി കഴിഞ്ഞു ,അവർ ഒന്ന് പുറത്തേക്ക് വന്നാൽ മാത്രം മതി.

Follow Us:
Download App:
  • android
  • ios