ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്

റിലീസ് ദിനത്തില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്ന മലയാള സിനിമകളുടെ നിരയിലേക്ക് ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രമാണ് അത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന് വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെതന്നെ മികച്ച പ്രീ റിലീസ് ഹൈപ്പും അഡ്വാന്‍സ് ബുക്കിംഗും ലഭിച്ചിരുന്നു. ആദ്യ ഷോകള്‍ക്ക് ശേഷം തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന ചിത്രമെന്ന അഭിപ്രായം ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമെന്ന് ഉറപ്പായി. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കും താരങ്ങള്‍ക്കുമൊക്കെ അഭിനന്ദനപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിനും ശ്രീനാഥ് ഭാസിക്കും ചന്ദു സലിംകുമാറിനും ബാലു വര്‍ഗീസിനും ലാല്‍ ജൂനിയറിനും ഗണപതിക്കുമൊക്കെയൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന മറ്റൊരു പേര് ഖാലിദ് റഹ്‍മാന്‍റേതാണ്. അതെ, സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ തന്നെ.

എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സുഹൃത്തുക്കളായ യുവാക്കള്‍ നേരിട്ട അപകട സാഹചര്യം പശ്ചാത്തലമാക്കുന്ന സര്‍വൈവല്‍ ത്രില്ലറില്‍ ഒരു ഡ്രൈവര്‍ കഥാപാത്രത്തെയാണ് ഖാലിദ് റഹ്‍മാന്‍ അവതരിപ്പിച്ചത്. മറ്റെല്ലാ കഥാപാത്രങ്ങളെയുംപോലെ ആ കഥാപാത്രത്തിനായുള്ള മികച്ച കാസ്റ്റിംഗ് ആയിരുന്നു ഖാലിദിന്‍റേത്. ഗണപതി ആയിരുന്നു സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍. ഖാലിദിന്‍റെ പേര് സോഷ്യല്‍ മീഡിയയില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സിനിമയുടെ റിലീസിന് ശേഷം ഇന്നലെയെത്തിയ രണ്ട് പ്രമുഖ യുട്യൂബര്‍മാരുടെ റിവ്യൂകളില്‍ ഡ്രൈവര്‍ കഥാപാത്രത്തെ അവതരിപ്പിച്ചയാള്‍ നന്നായി എന്നല്ലാതെ ഖാലിദിന്‍റെ പേര് പറഞ്ഞിരുന്നില്ല. പേര് അറിയില്ല എന്നാണ് റിവ്യൂസില്‍ പറഞ്ഞിരുന്നു. സംവിധായകനായി മികച്ച ഹിറ്റുകള്‍ ഒരുക്കിയ ഒരാളുടെ പേര് റിവ്യൂ പറയുന്നവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ എന്നാണ് വിമര്‍ശന പോസ്റ്റുകളിലെ ചോദ്യം.

Scroll to load tweet…
Scroll to load tweet…

പ്രശസ്ത ചലച്ചിത്ര- നാടക നടനായിരുന്ന വി പി ഖാലിദിന്‍റെ മകന്‍ ഖാലിദ് റഹ്‍മാന്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ അസിസ്റ്റന്‍റ് ആയാണ് സിനിമയിലേക്ക് എത്തുന്നത്. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‍കരാ: എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലും ആദ്യമായി എത്തി. ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്‍മാന്‍ സംവിധായകനായി അരങ്ങേറിയത്. മമ്മൂട്ടിയെ നായകനാക്കിയുള്ള ഉണ്ടയായിരുന്നു രണ്ടാം ചിത്രം. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ലവ്, വമ്പന്‍ വിജയം നേടിയ ടൊവിനോ തോമസ് ചിത്രം തല്ലുമാല എന്നിവയും സംവിധാനം ചെയ്തത് ഖാലിദ് റഹ്‍മാന്‍ ആണ്. സംവിധായകരിലെ യുവനിരയില്‍ ഏറ്റവും മികച്ച വിജയ ശരാശരിയുള്ള ആളുകളില്‍ പ്രധാനിയാണ് ഖാലിദ് റഹ്‍മാന്‍. ഖാലിദ് റഹ്‍മാന്‍റെ രണ്ട് സഹോദരന്മാരും സിനിമയില്‍ സജീവമാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദുമാണ് അത്. മഞ്ഞുമ്മല്‍ ബോയ്‍സിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.

ALSO READ : യുവാക്കള്‍ക്ക് മുന്നില്‍ സ്ക്രീന്‍ കൗണ്ട് കാക്കുമോ 'പോറ്റി'? 'ഭ്രമയുഗം' രണ്ടാം വാരം തിയറ്റര്‍ ലിസ്റ്റ് എത്തി

Manjummel Boys - Trailer | Chidambaram | Soubin Shahir, Sreenath Bhasi | Sushin Shyam | Parava Films