മൂന്ന് ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തിലധികം രൂപ ജോജുവിന് നല്‍കിയതിന്‍റെ തെളിവും ലിജോ ജോസ് പുറത്തുവിട്ടു.
ഏറെ ജനശ്രദ്ധനേടിയ സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചുരുളി. അടുത്തിടെ ചിത്രത്തിൽ തനിക്ക് അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ലെന്ന് ജോജു ജോജു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ചുരുളിക്ക് തെറിയല്ലാത്തൊരു പതിപ്പ് ഉണ്ടായിരുന്നുവെന്നും അതാകും തിയറ്ററിൽ എത്തുകയെന്നാണ് കരുതിയതെന്നും ജോജു പറഞ്ഞിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെ ജോജുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് പറയുന്നു. ഒരവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തിലധികം രൂപ ജോജുവിന് നല്‍കിയതിന്‍റെ തെളിവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
“പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു”, എന്നാണ് സോഷ്യല്‍ മീഡിയയില്‍ ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപമാണ് ചുരുളിയുമായി ബന്ധപ്പെട്ട് ജോജു ജോർജ് പരാമർശം നടത്തിയത്. തെറി പറയുന്ന ഭാഗം അവാർഡിന് മാത്രം അയക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് അതുപറഞ്ഞ് അഭിനയിച്ചത്. തെറിയല്ലാത്ത പതിപ്പ് ഞാൻ ഡബ്ബും ചെയ്തിരുന്നു. അതാകും റിലീസ് ചെയ്യുകയെന്നാണ് വിചാരിച്ചത്. പക്ഷേ ഈ പതിപ്പ് റിലീസ് ചെയ്യുമെന്ന് കരുതിയില്ല. മര്യാദയുടെ പേരിൽ പോലും ഇക്കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും അഭിനയിച്ചതിന് പൈസ ഒന്നും കിട്ടിലയില്ലെന്നും ജോജു ജോർജ് പറഞ്ഞിരുന്നു. ദ ന്യൂ ഇന്ത്യൻ എക്പ്രസിനോട് ആയിരുന്നു നടന്റെ പ്രതികരണം. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.



