Asianet News MalayalamAsianet News Malayalam

വയനാടിന്റെ പാട്ടുകാരി രേണുക ഇനി സിനിമയില്‍ പാടും; പ്രശംസിച്ച് മിഥുന്‍ മാനുവല്‍

‘രാജഹംസമേ..‘ എന്ന ഗാനം ആലപിക്കുന്ന രേണുകയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രമുഖര്‍ പലരും ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് പാട്ടുകേട്ട മിഥുന്‍ മാനുവല്‍, രേണുകയ്ക്ക് തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 

director midhun manuel thomas announce renuka sing in his next film
Author
Kalpetta, First Published Jul 26, 2020, 5:31 PM IST

കല്‍പ്പറ്റ: മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലെ ഒരു കൊച്ചുവീട്ടില്‍ കഴിഞ്ഞ ദിവസം നിറയെ സന്തോഷ പൂത്തിരികളായിരുന്നു. കുറച്ചുനാള്‍ മുമ്പ് സാമൂഹിക മാധ്യമം വഴി പാട്ടുപാടി മലയാളികളുടെ ഹൃദയം കവര്‍ന്ന രേണുകയുടെ വീടായിരുന്നു അത്. രേണുകയെ സിനിമയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള മലയാളികളുടെ പ്രിയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക് പോസ്റ്റ് ആയിരുന്നു സന്തോഷത്തിന് കാരണം.
 
‘രാജഹംസമേ..‘ എന്ന ഗാനം ആലപിക്കുന്ന രേണുകയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രമുഖര്‍ പലരും ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് പാട്ടുകേട്ട മിഥുന്‍ മാനുവല്‍, രേണുകയ്ക്ക് തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. രേണുകയുടെ പാട്ടും ഇതോടൊപ്പം അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിയാണ് ഗോത്രവര്‍ഗക്കാരിയായ രേണുക.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വയനാട്ടിലെ സംഗീതജ്ഞനായ ജോര്‍ജ് കോരയാണ് രേണുകയിലെ പാട്ടുകാരിയെ കണ്ടെത്തുന്നത്. രേണുക പാടിയ ‘തങ്കത്തോണി‘ എന്ന കവര്‍സോങ് അദ്ദേഹത്തിന്റെ എല്‍സ മീഡിയ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതായിരുന്നു വഴിത്തിരിവായത്. ജൂലായ് രണ്ടിന് പോസ്റ്റുചെയ്ത വീഡിയോ ഇതിനോടകം നാലരലക്ഷം പേരാണ് കണ്ടത്. 

ഇതിനു ശേഷമാണ് ‘രാജസംഹമേ..‘ എന്ന ഗാനം ആലപിച്ചത്. അപകടത്തില്‍ കാലുകള്‍ തളര്‍ന്ന മണിയെന്ന പാട്ടുകാരനെ തേടി ജോര്‍ജ് കോര കോണ്‍വെന്റ് കുന്ന് കോളനിയിലെത്തിയപ്പോഴാണ് മണിയുടെ മകള്‍ രേണുകയുടെ പാട്ടുകേള്‍ക്കുന്നത്. മണിക്ക് യാത്ര ബുദ്ധിമുട്ടായതിനാല്‍ കോളനിയില്‍ ഔട്ട്ഡോര്‍ റെക്കോര്‍ഡിങ് യൂണിറ്റ് സജ്ജീകരിച്ചു. അച്ഛനും മകളും ആ സ്റ്റുഡിയോയില്‍ പാടി. മകളുടെ പാട്ട് തരംഗമായി. 

Follow Us:
Download App:
  • android
  • ios