എം മോഹന്റെ ഒന്നാം ചരമവാർഷിക പരിപാടി
പത്മരാജനും കെ ജി ജോർജും ഭരതനും ആഘോഷിക്കപ്പെടുമ്പോൾ അവരോടൊപ്പം സഞ്ചരിച്ച അവരോളം പ്രതിഭാശാലിയായ മോഹനെ കേരളം മനഃപൂർവം വിസ്മരിക്കുകയാണെന്ന് സംവിധായകൻ കമൽ. മലയാള മധ്യവർത്തി സിനിമയിൽ കെ ജി ജോർജ്, ഭരതൻ, പദ്‌മരാജൻ, എം മോഹൻ എന്നിവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. സംവിധായകൻ എം മോഹന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പൗരാവലിയും മോഹൻ ഫൗണ്ടേഷനും സംഘടിപ്പിച്ച 'ദൃശ്യമോഹനം 2025' അനുസ്മരണപരിപാടിയുടെ സാംസ്കാരികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമൽ.
ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ തന്റെ കലാപ്രവർത്തനത്തിൽ ഒരു തരത്തിലുള്ള വെള്ളംചേർക്കലും നടത്താതെ സിനിമകൾ സംവിധാനം ചെയ്തു പോന്ന സംവിധായകനായിരുന്നു മോഹനെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. ജനപ്രീതിയും കലാമൂല്യവും ഒരുമിച്ചുചേർത്തുകൊണ്ട് മികച്ച സിനിമാനുഭവങ്ങൾ സൃഷ്ടിച്ച സംവിധായകനായിരുന്നു മോഹനെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അഭിപ്രായപ്പെട്ടു.
ടൗൺഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായി. മോഹൻ ചലച്ചിത്ര പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മന്ത്രി ആർ ബിന്ദുവും മോഹന്റെ ഭാര്യ അനുപമ മോഹനും ചേർന്ന് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, സംവിധായകൻ പ്രേംലാൽ, പദ്‌മരാജൻ്റെ മകനും കഥാകൃത്തുമായ അനന്തപദ്‌മനാഭൻ, കെ ബി വേണു, സിജി പ്രദീപ്, മുൻ എംഎൽഎ കെ യു അരുണൻ, യു പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന മോഹനസ്മൃതിയിൽ മലയാള സിനിമാരംഗത്തെ പ്രമുഖരായ കലാകാരന്മാരും ആസ്വാദകരും അനുഭവങ്ങൾ പങ്കുവെച്ചു. പി കെ ഭരതൻ മോഡറേറ്ററായിരുന്നു.

