മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണിത്. 

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി(Mammootty) ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'റോർഷാക്ക്‌'(Rorschach) എന്നാണ് ചിത്രത്തിന്റെ പേര്. സൈക്കോളജിക്കൽ ത്രില്ലർ ​ഗണത്തിൽപ്പെട്ടതാണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. 

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. 

നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ. 

Scroll to load tweet…

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണ് ഈ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന 'നൻപകൽ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. റിലീസിനായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിൽ റിലീസായി ഇതിനോടകം ഗംഭീര അഭിപ്രായം നേടിക്കഴിഞ്ഞു. റത്തീന സംവിധാനം ചെയ്ത ചിത്രം 'പുഴു' ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സോണി ലിവ്വിൽ ഒടിടിയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

10 ദിവസത്തിനുള്ളില്‍ 63 ലക്ഷത്തിലധികം പേര്‍, 'ഒടിയന്' ഹിന്ദിയിലും മികച്ച വരവേല്‍പ്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹൻലാലിന്റെ 'ഒടിയൻ' അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. യുട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് 'ഒടിയൻ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് ചെയ്‍ത ഹിന്ദി പതിപ്പ് ഇതുവരെയായി 63 ലക്ഷത്തില്‍ അധികം പേരാണ് കണ്ടിരിക്കുന്നത് (Odiyan).

നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് വി എ ശ്രീകുമാര്‍ മേനോന്റെ 'ഒടിയൻ'. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് 'ഒടിയൻ'. 'കെജിഎഫ് രണ്ട്' എത്തും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മോഹൻലാല്‍ നായകനായ ഒടിയൻ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.

കെ ഹരികൃഷ്‍ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സമീപകാലത്ത് ചില മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായതുപോലെ 'ഒടിയനും' സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.