പുരാണ കഥയോ ചരിത്ര സംഭവമാ അല്ല ഈ സിനിമ. റിവൈസ് കമ്മറ്റിക്ക് മനസിലാകുമെന്ന് കരുതുന്നെന്നും പ്രവീൺ നാരായണൻ.

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുതെന്ന് പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെന്ത് പേരാണുള്ളതെന്നും സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും പ്രവീൺ പറഞ്ഞു. പുരാണ കഥയോ ചരിത്ര സംഭവമാ അല്ല ഈ സിനിമ. റിവൈസ് കമ്മറ്റിക്ക് മനസിലാകുമെന്ന് കരുതുന്നെന്നും പ്രവീൺ നാരായണൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

"ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്. ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു.

ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നു, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു. ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർത്ഥമായി ഇടപെടുന്ന ബി ഉണ്ണികൃഷ്ണൻ സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി", എന്നായിരുന്നു പ്രവീൺ നാരായണന്റെ വാക്കുകൾ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്