ആർഎസ്എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സമരാഭാസങ്ങൾക്ക് പകരം ക്രിയാത്മക പ്രതിരോധമാണ് വേണ്ടതെന്നും എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്

കോഴിക്കോട്: കേരള സ്റ്റോറിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്ഐയുടെ തീരുമാനത്തെ വിമർശിച്ച് എംഎസ്എഫ്. ആർഎസ്എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഒപ്പം നിൽക്കുമെന്ന തെറ്റിധാരണ സിപിഎമ്മിന് ഇപ്പോഴുമുണ്ടോയെന്ന് നജാഫ് ചോദിക്കുന്നു. വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണെന്ന് നജാഫ് ആരോപിച്ചു. വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവർ കഴിക്കട്ടെ. അത് നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കിൽ അവരെയും ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുതെന്നും വിശ്വാസികളെല്ലാം ആർഎസ്എസ് അല്ലെന്നും നജാഫ് കുറിച്ചു.

'ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ല'

ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാൻ നിർബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികൾ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കാറുമില്ല. ഗോമാംസം കഴിക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കിൽ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടണം. വെജിറ്റേറിയനായ സാത്വികരുണ്ടെങ്കിൽ അതും ബഹുമാനിക്കപ്പെടണം. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീർത്തും അരോചകമാണ്. വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ആർ.എസ്.എസ്സിന്റെ വർഗീയ - ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്ലിം വിശ്വാസിയാണെങ്കിൽ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിർബന്ധവും ഇല്ല . പക്ഷെ ഒരു പോർക്ക് ഫെസ്റ്റ്‌ നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം. അല്ലാതെ വിശ്വാസികളെ മുഴുവൻ വർഗീയതയുടെ ആലയിൽ കൊണ്ടുപോയി കെട്ടരുത്. ഭരണകൂടം അനുവദിക്കുന്ന ഏത് സിനിമയും ഇവിടെ പ്രദർശിപ്പിക്കാം. അവാർഡും കൊടുക്കാം. കേരള സ്റ്റോറി ഒരു മുസ്ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ല നാം ഒറ്റക്കെട്ടായി എതിർത്തത്. കേരളത്തിനെതിരെയുള്ള പ്രോപ്പഗണ്ട സിനിമയായത് കൊണ്ടാണ്. അതിന് ബീഫ് ഫെസ്റ്റ് നടത്തി പ്രതിരോധിക്കേണ്ട കാര്യമെന്തെന്ന് മനസിലാവുന്നില്ല. ഇത്തരം സമരാഭാസമല്ല വേണ്ടത്. ക്രിയാത്മകമായ പ്രതിരോധമാണെന്നും പൊപ്പഗണ്ട സിനിമ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നും നജാഫ് അഭിപ്രായപ്പെട്ടു.