Asianet News MalayalamAsianet News Malayalam

'പുഴ മുതല്‍ പുഴ വരെ'യ്‍ക്ക് ഏഴ് കട്ടുകള്‍, എ സര്‍ട്ടിഫിക്കെറ്റെന്നും രാമസിംഹന്‍

'പുഴ മുതല്‍  പുഴ വരെ'യുടെ സെൻസറിംഗിനെ കുറിച്ച് സംവിധായകൻ രാമസിംഹന്‍ (അലി അക്ബര്‍).

 Director Ramasimhan got Censor Board cut list for 1921 Puzha Muthal Puzha Vare
Author
First Published Jan 20, 2023, 8:13 PM IST

പ്രഖ്യാപനംതൊട്ടെ പ്രേക്ഷകരുടെ സജീവമായ ശ്രദ്ധയിലുള്ള ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്‍ത 1921 'പുഴ മുതല്‍  പുഴ വരെ'. മലബാര്‍ കലാപമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അംഗീകരിച്ചുള്ള സെൻസര്‍ ബോര്‍ഡിന്റെ 'കട് ലിസ്റ്റ്' (Cut list) ലഭിച്ചെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ.  ഏഴ് കട്ടുകളാണ് ചിത്രത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആദ്യം പുന: പരിശോധന സമിതിക്ക് മുന്നില്‍ എത്തിയ പടത്തിന് ഏഴു മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. അത് അംഗീകരിച്ചുകൊണ്ടുള്ള കത്താണ് തനിക്ക് ഇന്ന് ലഭിച്ചത് എന്ന് രാമസിംഹൻ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്ത് അയച്ചതിന്റെ പരിണിതഫലമാണ് ഇതെന്ന് പറഞ്ഞ രാമസിംഹൻ അദ്ദേഹത്തിന് നന്ദിയും അറിയിച്ചു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നും രാമസിംഹൻ ഫേസ്‍ബുക്ക് ലൈവില്‍ വ്യക്തമാക്കി.

ആദ്യ പുന: പരിശോധന സമിതിയുടെ തീരുമാനം അംഗീകരിക്കാതെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ 'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രം വീണ്ടും സെന്‍സറിന് അയക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി രാമസിംഹൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടാമതും പുന: പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്‍തിരുന്നു. ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ 25ന് സെൻസര്‍ ബോര്‍ഡിലേക്ക് അയച്ചുവെങ്കിലും യാതൊരു ഫലവും ഇല്ലാതെ ഇത്രയും ദിവസം കടന്നുപോയെന്ന് രാമസിംഹൻ ഫേസ്‍ബുക്ക് ലൈവില്‍ പറഞ്ഞു. മൂന്ന് നാല് ദിവസം മുമ്പ് താൻ പ്രധാനമന്ത്രിയുടെ കംപ്ലെയ്‍ന്റ് പോര്‍ട്ടിലൂടെ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമായി ഇന്ന് സെൻസര്‍ബോര്‍ഡിന്റെ കത്ത് കിട്ടുകയായിരുന്നുവെന്നും രാമസിംഹൻ വ്യക്തമാക്കി.

ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സിനിമ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി അവതരിപ്പിക്കുന്ന ചിത്രം  രാമസിംഹനും പ്രഖ്യാപിച്ചത്. ആഷിക് അബു പിന്നീട് പൃഥ്വിരാജ് സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു.

Read More: പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്ത് അനുശ്രീ, താരത്തെ അഭിനന്ദിച്ച് ആരാധകരും- വീഡിയോ
 

Follow Us:
Download App:
  • android
  • ios