Asianet News MalayalamAsianet News Malayalam

'ഈസമ്മർദ്ദം താങ്ങാനാകുന്നില്ല, തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു', ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും ശ്രീലേഖ

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നാണ് നടി വ്യക്തമാക്കിയത്

Director Ranjith sexual abuse case Srilekha Mitra quitting Facebook after pressure latets news
Author
First Published Aug 28, 2024, 5:17 PM IST | Last Updated Aug 28, 2024, 10:33 PM IST

കൊൽക്കത്ത: തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നാണ് നടി വ്യക്തമാക്കിയത്. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രഞ്ജിത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസിലൂടെ ആരോപണമുന്നയിച്ചാണ് ശ്രീലേഖ മിത്ര നേരത്തെ രംഗത്തെത്തിയത്. വിവാദങ്ങൾക്കൊടുവിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ ആരോപണവുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച നടി, കൊച്ചി പൊലീസിന് പരാതിയും നൽകിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദറിന് ഇ മെയിൽ വഴിയാണ് നടി പരാതി നൽകിയത്. ഈ പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലൈം​ഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ പരാതിയിൽ ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതോടെ സംവിധായകൻ ര‌ഞ്ജിത്തും തുടർ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങിയതായി വിവരമുണ്ട്. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചന.

നടിയുടെ ആരോപണം: കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണമെന്ന് വനിതാ അഭിഭാഷക കൂട്ടായ്മ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios