കൊച്ചി: ഹൃദയാഘാതത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകന്‍ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍, 48) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. നാളെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്‍മശാനത്തില്‍ സംസ്‍ക്കരിക്കും.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് സച്ചി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സച്ചി-സേതു കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിരുന്നു. റണ്‍ബേബി റണ്‍ എന്ന സിനിമയിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്താകുന്നത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. രാമലീല അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.