കഴിഞ്ഞ മാസാവസാനമാണ് സംവിധായകൻ വിനയൻ തൻ്റെ പുതിയ ഫാൻ്റസി ചിത്രം പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാസാവസാനമാണ് സംവിധായകന്‍ താന്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഫാന്‍റസി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സാഗര്‍ സൂര്യയും ഗിന്നസ് പക്രുവുമാണ് നായകന്മാര്‍. ചിത്രം പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂര്‍ത്തിയാവുകയെന്നും ഈ തലമുറയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകര്‍ പിന്നണിയില്‍ അണിനിരക്കുന്നുണ്ടെന്നും വിനയന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് ചില അഭിനേതാക്കളെയും കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഗിന്നസ് പക്രുവിനും തനിക്കുമൊപ്പം നില്‍ക്കുന്ന മറ്റ് ഏഴ് പേരുടെ ചിത്രമാണ് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി സൂരജ് തേലക്കാടുമുണ്ട്. തന്‍റെ തന്നെ ചിത്രമായ അത്ഭുത ദ്വീപില്‍ അഭിനയിച്ചവരാണ് ഇവരൊക്കെയെന്നും വിനയന്‍ പറയുന്നു.

കൊച്ചു സൂപ്പർ സ്റ്റാറുകൾക്കൊപ്പം... ഇരുപത്തൊന്നു വർഷം മുൻപ് അത്ഭുത ദ്വീപിൽ അഭിനയിച്ച ഇവരൊക്കെ ഇന്നും അതുപോലെ തന്നെ ഇരിക്കുന്നു എന്നത് മറ്റൊരത്ഭുതമാണ്. പുതിയ ഫാന്റസി ചിത്രത്തിൽ ഇവരൊക്കെയും പ്രധാന വേഷങ്ങളിൽ കാണും, വിനയന്‍റെ വാക്കുകള്‍. പുതിയ സിനിമയെക്കുറിച്ച് വിനയന്‍ നേരത്തെ പറഞ്ഞത്- “പുതിയ ഫാന്‍റസി ചിത്രത്തിൽ ഗിന്നസ് പക്രുവും സാഗർ സൂര്യയും ആയിരിക്കും നായകൻമാർ. ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീനടൻമാരും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരൻമാരും ഈ സിനിമയിൽ ഉണ്ടാകും. പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലൂടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീർച്ചയായും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കും എന്നാണെന്റെ വിശ്വാസം. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്നീഷ്യന്മാര്‍‍ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്റെ പരീക്ഷണ ചിത്രങ്ങളെ എല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങൾ പ്രേക്ഷകർ ഈ സിനിമയേയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ”, വിനയന്‍ കുറിച്ചിരുന്നു.

2022 ല്‍ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചിന്തകള്‍ ഏറെക്കാലമായി അദ്ദേഹം സമൂഹമാധ്യത്തിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു പ്രോജക്റ്റ് ആയ വിവരം കഴിഞ്ഞ മാസാവസാനമാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain