Asianet News MalayalamAsianet News Malayalam

'ഇനിയെങ്കിലും പകപോക്കല്‍ നടപടി നിര്‍ത്തണം', ഫെഫ്‍കെയിലെ ചില സംവിധായകരോട് വിനയൻ

വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്‍ക നല്‍കിയ ഹര്‍ജി  സുപ്രിംകോടതി തള്ളിയതില്‍ പ്രതികരണവുമായി സംവിധായകൻ പ്രതികരണം.

Director Vinayan share respond
Author
Thiruvananthapuram, First Published Sep 28, 2020, 5:56 PM IST

സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്‍ക നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആര്‍ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെഫ്‍കയ്ക്ക് പുറമെ ഫെഫ്‍ക ഡയറക്ടേഴ്‍സ്  യൂണിയൻ, ഫെഫ്‍ക  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ എന്നി സംഘടനകളാണ് കോടതിയെ സമീപിച്ചത്. വിലക്ക് നീക്കി ഫെഫ്‍കയ്ക്ക് പിഴ ചുമത്തിയ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണൽ വിധിയെ ചോദ്യം ചെയ്താണ് സംഘടനകൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഫെഫ്‍കയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് ഇനിയെങ്കിലും സത്‍ബുദ്ധി തോന്നട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നാണ് വിനയൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

വിനയന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

അങ്ങനെ സത്യം ജയിച്ചിരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ക്ക് ഇനിയെങ്കിലും സത്ബുദ്ധി തോന്നട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ജസ്റ്റിസ് നരിമാന്‍ അദ്ധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയും വന്നിരിക്കുന്നു. ഇനിയെങ്കിലും ശ്രീ ബി ഉണ്ണികൃഷ്‍ണനും ഫെഫ്‍കെയിലെ ചില സംവിധായകരും നടത്തുന്ന പകപോക്കല്‍ നടപടി നിര്‍ത്തണം എന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അല്ലാതെ സ്ഥിരം ഇങ്ങനെ വെറുപ്പിന്റെയും വിലക്കിന്റെയും വക്താക്കളായിപ്പോയാല്‍ നിങ്ങടെ മനസ്സിന്റെ നെഗറ്റിവിറ്റി കൂടുമെന്നല്ലാതെ യാതൊരു പ്രയോജനവും നിങ്ങള്‍ക്കോ സമൂഹത്തിനോ ലഭിക്കില്ല. ഈ പോസ്റ്റിന്റെ കൂടെ കൊടുത്തിരിക്കുന്ന രണ്ടു ഡോക്ക്യുമെന്റുകളില്‍ ഒന്ന് ഫെഫ്‍ക സുപ്രീം കോടതിയില്‍ കൊടുത്ത അഫിഡവിറ്റിന്റെ അവസാന പേജാണ്.Director Vinayan share respond

അതില്‍ അഡ്വക്കേറ്റിന്റെ പേര് കാണിക്കരുത് എന്ന നിയമം പാലിച്ച് അതു കാണിച്ചിട്ടില്ല. ആ അഫിഡവിറ്റ് വായിച്ചാല്‍  വിധിയുടെ ഗൗരവം ആര്‍ക്കും മനസ്സിലാകും.  കോമ്പറ്റീഷൻ കമ്മിഷന്റെ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ഫെഫ്‍ക എന്ന സംഘടനയുടെ നിലനില്‍പ്പു തന്നെ ഇല്ലാതാകും എന്ന് അതില്‍ എഴുതിയിരിക്കുന്നു. ശ്രീ ബി. ഉണ്ണികൃഷ്‍ണനോട് ഒന്ന് ചോദിച്ചോട്ടെ, നിങ്ങടെ പ്രയര്‍ അപ്പാടെ സുപ്രീം കോടതി തള്ളിയ സ്ഥിതിക്ക് ഇപ്പോള്‍ ഫെഫ്‍ക ഒന്നുമല്ലാതായില്ലെ? നിങ്ങള്‍ തന്നെ പറഞ്ഞതനുസരിച്ച് അതിന്റെ നിലനില്‍പ്പ് പോലും പ്രശ്‍നത്തിലായില്ലേ? 12 വര്‍ഷമായി ഫെഫ്‍കയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന താങ്കള്‍ അല്ലേ ഇതിനുത്തരവാദി? ഞാനൊരിക്കലും ഫെഫ്‍ക എന്ന തൊഴിലാളി സംഘടനയുടെ നിലനില്‍പ്പ് ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്ന ആളല്ല - കാരണം, കേരളത്തില്‍ ആദ്യമായി സിനിമാ തൊഴിലാളികള്‍ക്കായി ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയതില്‍ ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ മാക്ടാ ഫെഡറേഷന്റെ രൂപാന്തരമാണല്ലോ ഫെഫ്‍ക. പക്ഷേ സിനിമാ തൊഴിലാളികള്‍ കഷ്‍ടപ്പെട്ടുണ്ടാക്കിയ പണമെടുത്ത് നിരന്തരമായി വിനയനെതിരെ അപ്പീലും, കേസും കൊടുത്ത് നിങ്ങള്‍ നേടിയെടുത്തത് ഇന്ന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച മാതിരി തിരിച്ചടികള്‍ മാത്രമാണ്. നിഷ്‍കളങ്കരായ ബഹുഭൂരിപക്ഷം ഫെഫ്‍ക അംഗങ്ങളെ പഴിച്ചിട്ടു കാര്യമില്ല. നിങ്ങള്‍ മാത്രമാണ് ഉത്തരവാദി.

പിന്നെ നിങ്ങള്‍ ഇന്നു പറഞ്ഞെന്നറിയുന്നു - ഇത് വിനയനെതിരെ ഉള്ള കേസല്ല കോമ്പറ്റീഷന്‍ കമ്മീഷനില്‍ ട്രേഡ് യൂണിയനുള്ള ഇമ്മ്യൂണിറ്റിയെ പറ്റിയാണ് കേസ് കൊടുത്തതെന്ന്. അങ്ങനെ യാതൊരു ഇമ്മ്യൂണിറ്റിയുമില്ലെന്ന് രണ്ടു കോടതികളും, സുപ്രീം കോടതിയും വ്യക്തമായി പറഞ്ഞു കഴിഞ്ഞു. മാത്രമല്ല ഇതിനു മറുപടി ആയി സുപ്രീം കോടതി ജഡ്‍ജി ഇന്നു പറഞ്ഞതു കേട്ടില്ലേ - അത്തരം പ്രശ്‍നങ്ങള്‍ക്കു വേണ്ടി തേര്‍ഡ് പാര്‍ട്ടിയായ വേറൊരാളെ എന്തിന് വിലക്കണം എന്ന് - അയാള്‍ സഫര്‍ ചെയ്യേണ്ട കാര്യം ഉണ്ടോ എന്ന്. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമല്ലേ. നിങ്ങള്‍ എന്നെ വിലക്കിയിട്ടില്ലെന്നും ഇന്ന് ചാനലുകളില്‍ പറയുന്നത് കണ്ടു. കോമ്പറ്റീഷന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ 199ആം പേജാണ് ഞാനിവിടെ കൊടുത്തിരിക്കുന്ന രണ്ടാമത്തെ ഡോക്ക്യുമെന്റ്. അതില്‍ മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ ആയ നടന്‍ മധുസാറിന്റെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Director Vinayan share respond
എന്റെ സിനിമയിലഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ മധുസാറിന്റെ വീട്ടില്‍ നിങ്ങളുടെ നേതൃത്വത്തില്‍ ഒരു ഡസനോളം ആളുകള്‍ ചെന്നുവെന്നും, എന്റെ സിനിമയില്‍ അഭിനയിക്കല്ലെന്ന് പറഞ്ഞുവെന്നും അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതിനെന്താണ് മറുപടിയായി ശ്രീ ബി ഉണ്ണികൃഷ്‍ണന് പറയാനുള്ളത്? നിങ്ങള്‍ ചെന്നപ്പോളാണ് എനിക്കെതിരെ വിലക്കുണ്ടെന്നുള്ള കാര്യം മധുസാര്‍ അറിഞ്ഞതെന്നും അതില്‍ പറയുന്നു. വിനയനെ വിലക്കിയിട്ടില്ല എന്ന കള്ളത്തരം എന്തിനാണ് നിങ്ങള്‍ ഇങ്ങനെ പുലമ്പുന്നത്? കേരള ജനതയ്ക്കും, സിനിമാ തൊഴിലാളികള്‍ക്കും, സിനിമാക്കാര്‍ക്കും അറിയാത്തതാണോ ഇക്കാര്യങ്ങളൊക്കെ? സത്യത്തില്‍ നിങ്ങള്‍ അഭിനയിക്കരുതെന്ന് പറഞ്ഞിട്ടും പിന്നീട് മധുസാര്‍ അഭിനയിച്ചു. അത് ബി ഉണ്ണികൃഷ്‍ണന്‍ എന്ന വ്യക്തിയോടുള്ള വിശ്വാസ്യതക്കുറവും സംഘടനാ നേതൃത്വത്തോടുള്ള അവമതിപ്പുമാണ് കാണിക്കുന്നത്. അസത്യങ്ങള്‍ പറഞ്ഞ് നിങ്ങള്‍ ആ സംഘടനയെ തന്നെ സമൂഹത്തില്‍ അപമാനിക്കുകയല്ലേ?

ഫെഫ്‍കെ എന്ന തൊഴിലാളി സംഘടനയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് ഞാന്‍ പറയുന്നു. അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്‍ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് Mr. ഉണ്ണികൃഷ്‍ണൻ.

Follow Us:
Download App:
  • android
  • ios