മോഹൻലാല്‍ നായകനാകുന്ന 'മോണ്‍സ്റ്റര്‍' നാളെ തിയറ്ററുകളില്‍.

മോഹൻലാല്‍ നായകനാകുന്ന 'മോണ്‍സ്റ്റര്‍' നാളെ തിയറ്ററുകളിലെത്തുകയാണ്. 'പുലിമുരുകന്' ശേഷം വൈശാഖ് ഉദയ്‍കൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതിനാല്‍ ഏറെ പ്രതീക്ഷകളുള്ള ഒന്നാണ് 'മോണ്‍സ്റ്റര്‍'. വ്യത്യസ്‍തമായ മേയ്‍ക്കിംഗ് ഉള്ള സിനിമയായിരിക്കും 'മോണ്‍സ്റ്റര്‍' എന്ന് സംവിധായകൻ വൈശാഖ് പറയുന്നു. സാധാരണ ഒരു സിനിമയില്‍ കാണുന്നതുപോലെ വളരെ വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ചിത്രമായിരിക്കില്ല 'മോണ്‍സ്റ്റര്‍' എന്നും വൈശാഖ് പറയുന്നു.

എന്നെ സംബന്ധിച്ചിടത്തോളം 'മോണ്‍സ്റ്റര്‍' വ്യത്യസ്‍തമായ ഒരു സിനിമയാണ്. അങ്ങനെ പറയുമ്പോള്‍ എനിക്ക് വ്യത്യസ്‍തമാണ് എന്നാണ് അര്‍ഥം. പ്രേക്ഷകര്‍ എല്ലാ സിനിമകളും കാണുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം വ്യത്യാസമുണ്ട് എന്നത് അവര്‍ക്ക് പറയാനാകും. അത് വ്യക്തിപരമാണ്. എന്നെയും തിരക്കഥാകൃത്ത് ഉദയ്‍കൃഷ്‍ണയെയും സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ചെയ്‍തിട്ടില്ലാത്ത, സഞ്ചരിക്കാത്ത തരത്തിലുള്ള അനുഭവങ്ങളുള്ള എഴുത്തുള്ള, മേയ്‍ക്കിംഗ് ഉള്ള ഒരു തരം സിനിമയാണ്. ഞങ്ങള്‍ക്ക് വളരെ ഇൻടറസ്റ്റിംഗ് ഉള്ള സിനിമയാണ് 'മോണ്‍സ്റ്റര്‍'. കാണുന്ന ആള്‍ക്കാര്‍ക്കും അങ്ങനെ ആകുമെന്നാണ് വിശ്വാസമെന്നും വൈശാഖ് പറയുന്നു.

'മോണ്‍സ്റ്റര്‍' ചെയ്യാനുള്ള കാരണം അതിന്റെ കണ്ടന്റ് ആണ്. ഇതിന്റെ ഒരു ബേസ്‍ ലൈനാണ്. വളരെ ഇൻടറസ്റ്റിംഗ് ആയി പ്ലേസ് ചെയ്‍തിരിക്കുന്ന ഒരു സ്‍ക്രീൻപ്ലേ ആണ് ഇത്. കുറച്ച് ക്ഷമയോടെ ഇരുന്നാല്‍ മാത്രമേ സിനിമയുടെ അകത്തേയ്‍ക്ക് ആദ്യം കയറാനാകൂ. നമ്മള്‍ സാധാരണ സിനിമയില്‍ കാണുന്നതുപോലെ വളരെ ഫാസ്റ്റ് കട്ടിംഗുള്ള, പെട്ടെന്ന് സിനിമയുടെ അകത്ത് കൊണ്ടുപോകുന്ന ഒരു പെരിഫറല്‍ സിനിമ ആയി മാത്രം കണ്‍സീവ് ചെയ്‍തിരിക്കുന്ന സിനിമയല്ല 'മോണ്‍സ്റ്റര്‍'. 'മോണ്‍സ്റ്ററി'ലേക്ക് ലാൻഡ് ചെയ്‍തുവരാൻ തന്നെ കുറച്ച് സമയമെടുക്കും. കുറച്ച് ക്ഷമയോടെ ഇരുന്ന് അതിലേക്ക് ലാൻഡ് ചെയ്‍ത് കഴിഞ്ഞാല്‍ പിന്നെ ആ സിനിമ വളരെ ഇൻടറസ്റ്റിംഗ് ആയി മാറുന്ന ഒരു ട്രീറ്റ്‍മെന്റാണ് 'മോണ്‍സ്റ്ററി'ന്റെ സ്വഭാവത്തിലുള്ളത്. അപ്പോള്‍ ബേസ് ലൈൻ മുതല്‍ തീരുമാനം എടുത്തുതന്നെയാണ് സിനിമ വര്‍ക്ക് ചെയ്‍തിരിക്കുന്നത്. എല്ലാവരും ഇത് ചെയ്യാൻ തീരുമാനിച്ചത് കണ്ടന്റിന്റെ പ്രത്യേകത കൊണ്ടാണ് എന്നും വൈശാഖ് പറയുന്നു.

'മോണ്‍സ്റ്റര്‍' എന്ന് പറയുന്നത് വളരെ വ്യത്യസ്‍തമായ ഒരു ചിന്തയാണ് എന്നായിരുന്നു മോഹൻലാലും പറഞ്ഞത്. ആരും അങ്ങനെ പെട്ടെന്ന് എടുക്കാൻ സാധിക്കുന്ന ഒരു പ്രമേയമല്ല. അതൊക്കെ തന്നെയാണ് അതിന്റെ പ്രത്യേകത. പുതിയ ആശയം എന്നതിലുപരി അതിനെ എങ്ങനെ സിനിമയിലൂടെ കാണിച്ചിരിക്കുന്നു എന്നതിനാലാണ്. ഒരു പുതിയ ആശയം കിട്ടിയാല്‍ അതിന്റെ അവതരിപ്പിക്കുക എന്ന ഒര ബാധ്യതയുണ്ട്. അത് ഏറ്റവും മനോഹരമായിട്ട് അതിന്റെ സംവിധായകൻ വൈശാഖ് ചെയ്‍തിരിക്കുന്നു. തിരക്കഥാകൃത്ത് എഴുതിയിരിക്കുന്നു. അതില്‍ അഭിനയിച്ചിരിക്കുന്നവരും എല്ലാവരും അവരുടെ ഭാഗങ്ങള്‍ മനോഹരമായി ചെയ്‍തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഞാൻ ആ സിനിമ കണ്ടതാണ്. ഇത്തരം വ്യത്യസ്‍മായ സിനിമകള്‍ ചെയ്യാൻ കഴിയുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എനിക്ക് ഈ സിനിമ ചെയ്‍തതില്‍ വലിയ സന്തോഷമുണ്ട്- മോഹൻലാല്‍ പറയുന്നു.

Read More: ആകാംക്ഷയുയര്‍ത്തി പൃഥ്വിരാജിന്റെ 'ഖലിഫ', ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും