Asianet News MalayalamAsianet News Malayalam

'കടുവ'യെ ചൊല്ലി തർക്കം, പരാതി പരിശോധിച്ചേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് കോടതി

ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ, ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു

Dispute over 'Kaduva' film, Censor certificate should be issued only after examining the complaint says High court
Author
Kochi, First Published Jun 28, 2022, 3:03 PM IST

കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കടുവയെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദേശം. സെൻസർ ബോർഡിനാണ് നിർദ്ദേശം നൽകിയത്. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സെൻസർ ബോർഡിന് നി‍ർദേശം നൽകിയത്. പരാതി പരിശോധിച്ച ശേഷമേ സെൻസർ  സർട്ടിഫിക്കറ്റ് നൽകാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ‍്‍നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഉണ്ടായ തർക്കം സിനിമയുടെ റിലീസിനെ ഉൾപ്പെടെ ബാധിച്ചിരിക്കുകയാണ് ഇപ്പോൾ. ജൂൺ 30ന് സിനിമ റീലിസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ചില അപ്രവചനീയമായ സാഹചര്യങ്ങളാൽ റിലീസ് നീട്ടുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചത്തേക്ക് റിലീസ് നീട്ടി വയക്കുകയാണെന്നാണ് നടൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്. 

ഷാജി കൈലാസ് സംവിധാനം ചെയ്ത 'കടുവ' അഞ്ച് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.   മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക‍്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios