'അറിയിപ്പി'ലെ പ്രകടനത്തിന് ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നോമിനേഷൻ ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.
കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയിലെ തന്റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ പ്രഭ. മരിക്കുന്നതിന് മുൻപ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണമെന്നാണ് ദിവ്യ പ്രഭ പറയുന്നത്. മനസ് കൊണ്ട് സ്ഥിരമായിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും പഴയകാര്യങ്ങൾ അധികം മനസ്സിൽ വയ്ക്കാറില്ലെന്നും ദിവ്യ പ്രഭ പറയുന്നു.
"അറിയിപ്പിൽ ‘ഞാൻ കണ്ട ആളാണ് ഇതെന്നു തോന്നുന്നേയില്ല. കുറച്ചു കൂടെ കുട്ടിത്തമുണ്ടല്ലോ’ എന്നാണ് മുംബൈയിൽ വച്ച് നേരിൽക്കണ്ടപ്പോൾ ഓൾ വി ഇമാജിൻ അസ് ലൈറ്റിൻ്റെ സംവിധായിക പായൽ പറഞ്ഞത്. ഓഡിഷനിൽ കനി ചെയ്ത കഥാപാത്രമായിരുന്നു ആദ്യം എനിക്കു വേണ്ടി കരുതിയിരുന്നത്. പിന്നീട് പായൽ അതു മാറ്റിത്തരികയായിരുന്നു. കാനിലെ ഓരോ മൊമെന്റും ഇന്നും കൺമുന്നിലുണ്ട്. ഇനി ആഗ്രഹമുള്ളത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഞാൻ മരിക്കുന്നതിനു മുമ്പ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം. രണ്ട്, ഞാൻ പ്രധാന ക്രൗഡ് പുള്ളറാകുന്ന പ്രാധാന്യമുള്ള റോളിൽ കമേഴ്സ്യൽ സിനിമയിൽ അഭിനയിക്കണം. മനസ് കൊണ്ട് സ്ഥിരമായിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ആളാണ് ഞാൻ, പഴയകാര്യങ്ങൾ അധികം മനസിൽ വയ്ക്കാറില്ല." ദിവ്യ പ്രഭ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ പ്രഭയുടെ പ്രതികരണം.



