പണം അപഹരിച്ചവർ ഇനിയും ഉണ്ടെന്ന് കൃഷ്ണ കുമാർ. അച്ഛനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് തെളിഞ്ഞതിൽ ആശ്വാസമെന്നും ദിയ കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാര്‍ പണം തട്ടിയ കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് കൃഷ്ണ കുമാറും മകൾ ദിയയും. പണം അപഹരിച്ചവർ ഇനിയും ഉണ്ടെന്ന് കൃഷ്ണ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൂടുതൽ പേര് തട്ടിപ്പിൽ പങ്കാളികളാണ്. ഇപ്പോള്‍ സത്യം പുറത്ത് വന്നു. ഞങ്ങൾ പറഞ്ഞ കാര്യം ശരിയെന്ന് തെളിഞ്ഞു. പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കിട്ടിയ പിന്തുണയ്ക്ക് നന്ദിയെന്നും കൃഷ്ണ കുമാറും മകൾ ദിയയും പറഞ്ഞു. അച്ഛനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് തെളിഞ്ഞതിൽ ആശ്വാസമെന്നും ദിയ കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയത് 66 ലക്ഷം രൂപ
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നഷ്ടമായത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. മൂന്ന് ജീവനക്കാരികൾ ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മൂന്ന് ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് കേസില്‍ പ്രതി. ദിയ കൃഷ്‌ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡ് വഴി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കൃഷ്‌ണകുമാർ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ജീവനക്കാരികളാണ് കൃഷ്ണകുമാറിനെതിരെ എതിർ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രണ്ട് വർഷം കൊണ്ടാണ് പണം തട്ടിയെടുത്തത്. ഓ ബൈ ഓസി എന്ന ബൊട്ടീക്കിലെ വിനിത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തന്നെയാണ് തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായ ഇവർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി. ഈ പരാതിയിൽ കഴമ്പില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.



