Asianet News MalayalamAsianet News Malayalam

കേരളത്തിലെ ഗോൾഡ് കവറിങ് കട, വില്ലനെ സൂപ്പർസ്റ്റാറാക്കിയ അഭിനയ ചാരുത; തമിഴകത്തിന്‍റെ ഒരേയൊരു ക്യാപ്റ്റൻ !

'പ്രളയ കാലത്ത് കേരളത്തിന് ഒരു കോടി, വിശന്നുവരുന്നവർക്കെല്ലാം ആഹാരം, സിനിമ സെറ്റിൽ ലൈറ്റ് ബോയ് മുതൽ മുഴുവൻ പേർക്കും ഒരേ ഗുണനിലവാരത്തിലുള്ള ഭക്ഷണം, വിജയകാന്തിനെ സ്നേഹിക്കാൻ ആരാധകർക്ക് കാരണങ്ങൾ പലതാണ്'

DMDK leader and Tamil Cinema icon  Captain Vijayakanth political and cinema life vkv
Author
First Published Dec 29, 2023, 9:47 AM IST

രാധനയുടെ കാര്യത്തിൽ തമിഴ്നാട് എന്നും ഒരുപടി മുകളിലാണ്. സിനിമക്കാരെയും രാഷ്ട്രീയക്കാരെയും അവർ നെഞ്ചിൽ ചേർത്തുവച്ച് സ്നേഹിക്കും. അപ്പോൾ സിനിമാക്കാരനായ രാഷ്ട്രീയക്കാരനായാലോ? എംജിആർ മുതൽ ഇങ്ങോട്ട് എത്രയെത്ര പേർ. തമിഴ്‌നാട്ടുമക്കളുടെ നെഞ്ചിലെഴുതിയ ആ പട്ടികയിൽ മുൻനിരയിൽത്തന്നെയുള്ളൊരു പേരുണ്ട്, ക്യാപ്റ്റൻ വിജയകാന്ത്... സ്‌ക്രീനിന് അകത്തും പുറത്തും വിജയകാന്ത് ഏറ്റുവാങ്ങിയ സ്നേഹം എത്രയായിരുന്നുവെന്നാണ് ഇന്നിപ്പോൾ അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ്  അവിടേക്ക് ഒഴുകിയെത്തുന്ന ആയിരങ്ങൾ വീണ്ടും തെളിയിക്കുന്നത്.

ആക്ഷൻ ഹീറോ, വിജയകാന്തിന്റെ സിനിമ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ ഒറ്റയടിക്ക് ഇങ്ങനെയൊരു ടാഗ് ലൈനവും മനസ്സിൽ വരുന്നത്. പക്ഷേ വെറും ആക്ഷൻ ഹീറോ മാത്രമായിരുന്നില്ല അദ്ദേഹം. തമിഴ് കൊമേഷ്യൽ സിനിമയുടെ എല്ലാ പാറ്റേണുകളും വഴങ്ങുന്ന നടനായിരുന്നു വിജയകാന്ത്. ആക്ഷൻ രംഗങ്ങളിലേതുപോലെതന്നെ റൊമാന്റിക് രംഗങ്ങളിലും ഇമോഷണൽ സീനുകളിലുമെല്ലാം അദ്ദേഹം ഒരുപോലെ തിളങ്ങി. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയപ്പോഴും ചില ചുവടുകൾ പിഴച്ചപ്പോഴും ഒന്നും വിജയകാന്ത് തളർന്നില്ല. താനെന്താണ് ചെയ്യുന്നതെന്ന ഉറച്ച ബോധ്യം എല്ലായിപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.
 
1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിൽ ജനിച്ച വിജയകാന്തിന്റെ യഥാർത്ഥ പേര് വിജയരാജ് അഴകർസ്വാമി എന്നായിരുന്നു. സിനിമ സ്വപ്നംകണ്ട്, അലഞ്ഞുനടന്ന്, കഷ്ടപ്പെട്ട് അതിലേക്കെത്തിയവരുടെ കൂട്ടത്തിലാണ് വിജയകാന്തിന്റെയും സ്ഥാനം. സിനിമയിലേക്കെത്തിയ വിജയകാന്ത് തന്റെ പേര് വിജയരാജിൽനിന്ന് അമൃതരാജ് എന്നാക്കി മാറ്റി. അത് ഗുണം ചെയ്യുന്നില്ലെന്ന് തോന്നിയപ്പോഴാണ് സ്വന്തം പേരിലെ രാജ് മാറ്റി രജനികാന്തിന്റെ പേരിലെ കാന്ത് ചേർത്തത്, വിജയകാന്ത്... അവിടെ നിന്നങ്ങോട്ട് പിന്നീട് സിനിമയിൽ വിജയകാന്തിനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

തമിഴിലെ മുൻനിര നായക നടനായി മാറിയ വിജയകാന്ത് പക്ഷേ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് വില്ലനായിട്ടാണ്. 1979ൽ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെയായിരുന്നു ആ അരങ്ങേറ്റം. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമ അദ്ദേഹത്തിന് കരിയറിൽ ഒരു ബ്രേക്ക് നൽകി. ചിത്രം ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1981ൽ 'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രത്തിലൂടെയാണ്  വിജയകാന്ത് ആദ്യമായി നായകനാകുന്നത്. നടൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ആയിരുന്നു ഇതിന്റെ സംവിധാനം. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽത്തന്നെയാണ് തുടക്ക കാലത്ത് വിജയകാന്ത് അധികവും അഭിനയിച്ചിരുന്നതും.

DMDK leader and Tamil Cinema icon  Captain Vijayakanth political and cinema life vkv

പൊലീസ് വേഷങ്ങളിലാണ് വിജയകാന്ത് കൂടുതലും തിളങ്ങിയത്. അതുകൊണ്ടുതന്നെ  ഒരു ആക്ഷൻ ഹീറോ പരിവേഷവും അദ്ദേഹത്തിനുണ്ടായി. 1980 കളിലും 90 കളിലും തമിഴ് സിനിമയെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുകയായിരുന്നു വിജയകാന്ത്. കമലഹാസനും രജനികാന്തും നിറഞ്ഞുനിന്നിരുന്ന ആ കാലത്ത് അവർക്കൊപ്പം കട്ടയ്ക്കുകട്ട നിന്ന്, ബോക്‌സോഫീസില്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകൾ നൽകി വിജയകാന്തും തമിഴിലെ സൂപ്പർ സ്റ്റാറുകളിലൊരാളായി മാറി.  ഏറെ പ്രയത്നിച്ചുണ്ടാക്കിയ താരമൂല്യം എന്ന് നിസ്സംശയം പറയാം. ഒരുകാലത്ത് തമിഴ് സിനിമയില്‍ രജനികാന്തിനും മുകളിൽ ആരാധകരുണ്ടായിരുന്നു വിജയകാന്തിന്. 1984ല്‍ വിജയകാന്തിന്റെതായി പുറത്തിറങ്ങിയത് 18 ചിത്രങ്ങളാണ്.

DMDK leader and Tamil Cinema icon  Captain Vijayakanth political and cinema life vkv

ഇത്രയും സ്റ്റാർ വാല്യൂ ഉണ്ടായപ്പോഴും കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രമായിരുന്നു അദ്ദേഹം  ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നും എടുത്തുപറയണം. അതേസമയം അദ്ദേഹത്തിന്റെ മിക്ക സിനിമകളും തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ശ്രദ്ധേയമായ,മികച്ച ഗാനങ്ങളായിരുന്നു വിജയകാന്ത് ചിത്രങ്ങളുടെ ഒരു പ്രത്യേകത. കേരളത്തിലും അദ്ദേഹത്തിന്റെ പാട്ടുകൾ വലിയ തരംഗമുണ്ടാക്കി. ഇന്നും നമ്മളെല്ലാം മൂളിനടക്കാറുണ്ട് അവയിൽ പലതും.

നാടിനുവേണ്ടിയും കുടുംബത്തിനുവേണ്ടിയും എന്ത് ത്യാഗവും ചെയ്യാൻ മടിക്കാത്ത കഥാപാത്രങ്ങളിലൂടെ വിജയകാന്തിന് ആരാധകർക്കിടയിലൊരു വിളിപ്പേരുമുണ്ടായി, പുരട്ചി കലൈഞ്ജർ. പക്ഷേ വിജയകാന്തിന്റെ പേരിനൊപ്പം ഉറച്ചുപോയത് മറ്റൊരു പേരാണ്, ക്യാപ്റ്റൻ. ഈ പേര് വന്നതും സിനിമയിലൂടെത്തന്നെയാണ്. 1991ൽ പുറത്തിറങ്ങിയ കരിയറിലെ നൂറാമത്തെ ചിത്രമായ ക്യാപ്റ്റൻ പ്രഭാകരൻ ആണ് വിജയകാന്തിനെ ക്യാപ്റ്റൻ വിജയകാന്താക്കിയത്.  മരണംവരെ അദ്ദേഹം അറിയപ്പെട്ടതും ഇങ്ങനെതന്നെ. വീരപ്പന്റെ ജീവിതം കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം നൂറു ദിവസത്തിലധികം തിയറ്ററുകളിൽ നിറഞ്ഞോടി. തമിഴിലെതന്നെ ക്ലാസിക് ചിത്രങ്ങളിലൊന്നായി ക്യാപ്റ്റൻ പ്രഭാകരൻ മാറി.

2010ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ വിജയകാന്ത് സംവിധായകനുമായി. പ്രധാന വേഷത്തിൽ വിജയകാന്ത് അഭിനയിച്ച അവസാന ചിത്രവും ഇതാണ്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, കൂലിക്കാരൻ, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിജയകാന്തിന് സെന്തൂരപ്പൂവേ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കി. എം.ജി.ആർ പുരസ്കാരം, കലൈമാമണി പുരസ്കാരം തുടങ്ങി പല നേട്ടങ്ങളും അദ്ദേഹത്തെ തേടിയെത്തി.

DMDK leader and Tamil Cinema icon  Captain Vijayakanth political and cinema life vkv

സിനിമകളിൽ അതിസാഹസിക രംഗങ്ങൾ പോലും ഡ്യൂപ്പില്ലാതെ ചെയ്തിരുന്ന താരം കൂടിയായിരുന്നു വിജയകാന്ത്.
1994ല്‍ ‘സേതുപതി ഐപിഎസ്’ എന്ന ചിത്രത്തിനുവേണ്ടി ഡ്യൂപ്പില്ലാതെ ക്ലോക്ക് ടവറില്‍ വലിഞ്ഞു കയറുന്ന വിജയകാന്തിന്റെ വീഡിയോ 28 വര്‍ഷത്തിന് ശേഷം നിര്‍മ്മാണ കമ്പനിയായ എവിഎം പുറത്തുവിട്ടത് വലിയ വാർത്തയായിരുന്നു. മലയാള സിനിമയോടും കേരളത്തോടും എന്നും വലിയ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാള ചിത്രങ്ങൾ കാണാനും അവ തമിഴിലേക്ക് നിയമപരമായിത്തന്നെ റീമേക്ക് ചെയ്യാനും അദ്ദേഹം പ്രകടിപ്പിച്ചിരുന്ന താല്പര്യത്തെക്കുറിച്ചും പലരും പലപ്പോഴായി സൂചിപ്പിച്ചിട്ടുണ്ട്. മഹാപ്രളയകാലത്ത് രാഷ്ട്രീയത്തിലോ സിനിമയിലോ ഒന്നും സജീവമല്ലാതിരുന്ന സമയത്തും വിജയകാന്ത് കേരളത്തിനായി നൽകിയത് ഒരു കോടി രൂപയാണ്.

കേരളത്തോടുള്ള ഈ സ്നേഹത്തിനു പിന്നിൽ വിജയകാന്തിന്റെ സിനിമയ്ക്ക് മുമ്പുള്ള കാലത്തിനും ഒരു പങ്കുണ്ട്. സിനിമയിലെത്തുന്നതിനുമുമ്പ് വിജയകാന്ത് മധുരയിൽനിന്ന് ഇടയ്ക്കിടെ വന്നിരുന്ന സ്ഥലമായിരുന്നു തിരുവനന്തപുരം. സ്‌കൂളിൽ പടിക്കുമ്പോൾമുതൽ കൂട്ടുകാർക്കൊപ്പം ട്രെയിൻ കയറി തിരുവനന്തപുരത്തേക്ക് വരുന്ന കഥകൾ അദ്ദേഹംതന്നെയാണ് പിൽക്കാലത്ത് പറഞ്ഞിട്ടുള്ളത്. മ്യൂസിയത്തിലും മൃഗശാലയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്തും കോവളത്തുമൊക്കെ കറങ്ങിനടന്ന ഒരു തമിഴ് പയ്യനായിരുന്നു അന്നദ്ദേഹം. പിന്നീട് സിനിമ മോഹം തലയിൽ കയറിയപ്പോഴും മലയാള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി അദ്ദേഹം തിരുവനന്തപുരത്ത് ഒരുപാട് ചുറ്റിത്തിരിഞ്ഞു.  

തിരുവനന്തപുരത്ത് വിജയകാന്തിനൊരു കടയുമുണ്ടായിരുന്നു, ഒരു ഗോള്‍ഡ് കവറിങ് ജ്വല്ലറി ഷോപ്പ്. മധുരയിലെ തന്റെ ബാല്യകാല  സുഹൃത്തായിരുന്ന ആളുടെ സഹോദരിക്കും കുടുംബത്തിനും കൈത്താങ്ങാകാനാണ് തിരുവനന്തപുരം പഴവങ്ങാടിയിലുണ്ടായിരുന്ന  ജ്യോതി ജ്വല്ലറി മാർട്ട് അദ്ദേഹം വാങ്ങിയത്. പക്ഷേ അത് വിജയകരമായി നടത്തിക്കൊണ്ടുപോകാനാകാതെ വന്നപ്പോൾ മറ്റാർക്കോ വിറ്റു. സ്വയം പ്രതിസന്ധിയിലായാലും ഒപ്പമുള്ളവരെ സഹായിക്കുന്ന അദ്ദേഹത്തിന്റെ ഈ മനോഭാവവും വിജയകാന്തിനെക്കുറുച്ച് പറയുമ്പോൾ ഒരിക്കലും മറന്നുകൂടാനാവാത്തതാണ്. വിജയകാന്തിന്റെ വീട്ടിൽനിന്ന് വിശന്ന വയറുമായി ഒരിക്കലും ആരും ഇറങ്ങിപ്പോയിട്ടില്ല. എല്ലാ മനുഷ്യരെയും ഒരുപോലെ മാത്രമേ കാണൂ എന്നതും അദ്ദേഹത്തിനോട് വാശി പോലെയായിരുന്നു. സിനിമ സെറ്റിൽ പല തട്ടിലുള്ളവർക്ക് പല തരത്തിലെ ഭക്ഷണം നൽകുന്ന രീതിക്കെതിരെ പരസ്യമായി ആദ്യം ശബ്ദമുയർത്തിയതും വിജയകാന്തന്. തന്റെ സെറ്റിൽ എല്ലാവർക്കും ഒരുപോലെയുള്ള ഭക്ഷണം നൽകണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാത്തരം ഉച്ചനീചത്വങ്ങളെയും അദ്ദേഹം സധൈര്യം എതിർത്തു. തമിഴിലെ മറ്റെല്ലാ മുൻനിര അഭിനേതാക്കളെയും പോലെ രാഷ്ട്രീയം തന്നെയായിരുന്നു വിജയകാന്തിന്റെ ജീവിതത്തിലെ രണ്ടാം ഘട്ടം. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും എംജിആറിന്റെ പിൻഗാമിയായാണ് തമിഴ്നാട് വിജയകാന്തിന്റെ കണ്ടത്. സിനിമ പോലെ രാഷ്ട്രീയത്തിലും തുടക്കത്തിൽത്തന്നെ തിളങ്ങാൻ അദ്ദേഹത്തിനായെങ്കിലും ആ തിളക്കം നിലനിർത്താൻ കഴിഞ്ഞില്ല.

DMDK leader and Tamil Cinema icon  Captain Vijayakanth political and cinema life vkv

2005 ലായിരുന്നു  വിജയകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. അതും സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കിക്കൊണ്ട്. ഡിഎംഡികെ, ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം. അങ്ങനെയായിരുന്നു തന്റെ പാർട്ടിക്ക് വിജയകാന്ത് നൽകിയ പേര്. 2005 സെപ്തംബര്‍ 14 നാണ് ഡിഎംഡികെ രൂപീകൃതമാകുന്നത്. തൊട്ടടുത്ത വർഷം 2006 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 234 സീറ്റുകളിൽ പാർട്ടി മത്സരിച്ചു. മറ്റൊരു പാർട്ടിയുമായും സഖ്യമില്ലാതെയായിരുന്നു ഇത്. വിജയകാന്തും മത്സരിക്കാനുണ്ടായിരുന്നു. തമിഴ്മക്കൾ തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റനെ വിജയിപ്പിച്ചുവെങ്കിലും ആ ഒരൊറ്റ സീറ്റ് മാത്രമാണ് പാർട്ടിക്ക് നേടാനായത്.  2011ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തി. അതിൽ 29 എണ്ണത്തിൽ വിജയിക്കാൻ അവർക്കായി.

പക്ഷേ റിസൾട്ട് വന്നതിനുപിന്നാലെ ഇരു പാർട്ടികളും ഇരുവഴിക്കുപോയി.  വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽനിന്ന് രണ്ട് തവണ നിയമസഭയിലേക്കെത്തിയ വിജയകാന്ത് 2011 മുതല്‍ 2016 വരെ തമിഴ്നാട് നിയമസഭയിലെ അതിശക്തനായ പ്രതിപക്ഷ നേതാവുമായിരുന്നു. ഇക്കാലയളവുകളിൽ മുഖ്യമന്ത്രിമാരായിരുന്ന ജയലളിതയ്ക്കും കരുണാനിധിക്കുമെതിരെ നിയമസഭയിൽ അദ്ദേഹം പലവട്ടം ആഞ്ഞടിച്ചു. ഒരുപക്ഷേ വിജയകാന്ത് അടുത്ത മുഖ്യമന്ത്രി പോലുമായേക്കാമെന്ന് പലരും പറഞ്ഞു. എന്നാൽ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം പല എംഎൽഎമാരും പാർട്ടി വിട്ടു.

2014 ൽ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് 14 സീറ്റില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ പോലും ഡിഎംഡികെയ്ക്ക് ജയിക്കാന്‍ സാധിച്ചില്ല. 2016-ല്‍ ഡിഎംഡികെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പം ചേര്‍ന്ന് വിജയകാന്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന വാർത്തകൾ പുറത്തുവന്നു. പക്ഷേ അവസാന നിമിഷം  ഡിഎംഡികെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണിക്കൊപ്പം ചേർന്നു. ഇതിനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ എതിർപ്പുകളുണ്ടായി. എതിർപ്പുകൾ വകവയ്ക്കാതെ വിജയകാന്ത് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജനക്ഷേമ മുന്നണി പ്രഖ്യാപിച്ചതും വിജയകാന്തിനെത്തന്നെ. തെരഞ്ഞെടുപ്പ് നടന്നു. ജനക്ഷേമ മുന്നണി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഉലുന്തര്‍പ്പേട്ട് മണ്ഡലത്തില്‍ വിജയകാന്തിന് എത്താനായത് മൂന്നാം സ്ഥാനത്താണ്. കെട്ടിവച്ച കാശ് പോലും അന്നദ്ദേഹത്തിനു തിരികെ കിട്ടിയില്ല.

സ്വപ്നതുല്യമായ തുടങ്ങിയ വിജയകാന്തിന്റെ രാഷ്ട്രീയ ജീവിതം കണ്ണടച്ചുതുറക്കുന്ന നേരത്തിൽ നിലത്ത് പതിക്കുന്നതാണ് പിന്നെ ദ്രാവിഡ രാഷ്ട്രീയം കണ്ടത്. നാൾക്കുനാൾ ഡിഎംഡികെയ്ക്ക് നിലതെറ്റുകയായിരുന്നു. തോൽവികളിലും അദ്ദേഹം പതറിയില്ല. രാഷ്ട്രീയമെന്നത് ജനസേവനം മാത്രമാണെന്ന് പ്രഖ്യാപിച്ച്  വിജയകാന്ത് രാഷ്ട്രീയപ്രവർത്തനം തുടർന്നു. കടുത്ത അനാരോഗ്യം മൂലമാണ് സജീവ രാഷ്ട്രീയത്തിൽനിന്ന് കുറച്ചുനാളായി വിട്ടുനിന്നിരുന്നത്. സിനിമകളെ ഒരുപാടിഷ്ടപ്പെട്ട വിജയകാന്തിന്റെ ജീവിതവും ഒരു സിനിമാക്കഥ പോലെയായിരുന്നു. കഷ്ടപ്പാടുകളുണ്ട്, അധ്വാനമുണ്ട്, അപ്രതീക്ഷിത നേട്ടങ്ങളും ആരവങ്ങളുമുണ്ട്, വീഴ്ചകളൂം വേദനകളുമുണ്ട്... ഒടുവിൽ ക്ലൈമാക്സിൽ ഒത്തിരിപേരെ കരയിച്ചുകൊണ്ടുള്ള ഒരു മടക്കവും.ക്യാപ്റ്റൻ വിജയകാന്ത്, നിങ്ങൾ പോയാലും നിങ്ങളുണ്ടാക്കിയ ആ ഇടം അവിടെതന്നെകാണും. തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും...

തിരുവനന്തപുരത്തെ ഗോൾഡ് കവറിങ് കടയിൽനിന്ന് തമിഴകത്തിന്റെ സൂപ്പർ സ്റ്റാറിലേക്ക്! - വീഡിയോ സ്റ്റോറി കാണാം

Latest Videos
Follow Us:
Download App:
  • android
  • ios