വിക്രാന്ത് ഡോൺ 3 യിൽ നിന്ന് പിന്മാറിയെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.
ഫർഹാൻ അക്തർ സംവിധാനം ചെയ്ത 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. ഷാരൂഖ് ഖാൻ നായകനായി എത്തിയ ഡോണിന്റെ രണ്ടു ഭാഗങ്ങൾക്കും വലിയ ആരാധകരുണ്ട്. എന്നാൽ, ഡോൺ 3 എത്തുമ്പോൾ ഷാരൂഖ് ഖാന് പകരം നായകനായി എത്തുന്നത് രൺവീർ സിങ് എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ തുടക്കം മുതലുള്ള ഓരോ അപ്ഡേഷനും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നേരത്തെ രൺവീറിനൊപ്പം ഏറ്റുമുട്ടാൻ വില്ലനായി എത്തുന്നത് വിക്രാന്ത് മാസെയായിരുന്നു. എന്നാൽ വിക്രാന്ത് ഡോൺ 3 യിൽ നിന്ന് പിന്മാറിയെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. അതിനെത്തുടർന്ന്, വിക്രാന്ത് മാസെയ്ക്ക് പകരം ഡോൺ 3യിലെ വില്ലനായി തെന്നിന്ത്യൻ താരം അർജുൻ ദാസ് എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍ പിങ്ക് വില്ല.
മാസ്റ്റർ, കൈതി, വിക്രം, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ ചിത്രങ്ങളിലെല്ലാം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലെത്തി ശ്രദ്ധേയമായ താരമാണ് അർജുൻ ദാസ്. അർജുന്റെതായി ഇനി റീലിസിനെത്താനുള്ള 'ഒജി' യ്ക്ക് ശേഷം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. സാധാരണ വില്ലൻ വേഷങ്ങളിൽ നിന്ന് മാറി നിൽക്കുന്ന വ്യത്യസ്തതരം കഥാപാത്രമായത് കൊണ്ട് ഡോൺ 3 ലെ വില്ലൻ വേഷം ചെയ്യാൻ അർജുന് താത്പര്യമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങൾ പറഞ്ഞു.
ഇതിനിടയിൽ തെലുങ്ക് താരം വിജയ ദേവരകൊണ്ട വില്ലനായി എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തയെ തള്ളിയുള്ള റിപോർട്ടുകളും പിന്നാലെ പുറത്തുവന്നിരുന്നു. വിക്രാന്ത് മാസെ ഡോൺ -3 ന് വേണ്ടി ശരീര ഭാരം കുറച്ചതായും മാർഷ്യൽ ആർട്സ് പരിശീലിക്കുന്നുവെന്ന തരത്തിലും വാർത്തകൾ നേരത്തെ വന്നിരുന്നു. പിന്നീട് എന്താണ് പ്രോജക്ടിൽ നിന്ന് മാറാൻ കാരണമായതെന്ന് വ്യക്തത വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം അടുത്ത വർഷത്തോടെ തുടങ്ങുമെന്നാണ് റിപോർട്ടുകൾ. കൃതി സനോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. യുറോപ്പിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. ചിത്രം 2026 ൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.


